Saturday, September 16, 2017

മലങ്കരയിലെ കാതോലിക്കേറ്റ് സ്ഥാപനവും അനുബന്ധ സംഭവങ്ങളും / ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ


റാന്നി-പെരുനാട് ബഥനി ആശ്രമത്തിന്‍റെ സ്ഥാപകരില്‍ ഒരാളായ ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് ആത്മകഥയായ ഗിരിദീപത്തില്‍ എഴുതിയതില്‍ നിന്ന്: 
അബ്ദുള്ളാ പാത്രിയര്‍ക്കീസിന്‍റെ ആഗമനം
കൊല്ലവര്‍ഷം 1084 (1909) മിഥുനത്തില്‍ കാലംചെയ്ത പുലിക്കോട്ടു വലിയ മെത്രാപ്പോലീത്താ രോഗാതുരനായി കിടപ്പിലായപ്പോള്‍, മലങ്കര സന്ദര്‍ശനാര്‍ത്ഥം, ശീമയില്‍ നിന്നു യാത്രപുറപ്പെട്ട പരേതനായ അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ ഇംഗ്ലണ്ടിലും മറ്റും പോയി ബോംബയിലിതാ, ഇന്ന ദിവസം വന്നുചേരുമെന്ന വിവരത്തിന് ഇപ്പോഴത്തെ വലിയ തിരുമേനി (വട്ടശ്ശേരി) യുടെ പേര്‍ക്ക് 1085 കന്നി മാസത്തില്‍ ഒരു ദിവസം കമ്പി കിട്ടി. അക്കാലത്ത് നാം കോട്ടയം എം.ഡി. സെമിനാരി (ഹൈസ്കൂള്‍) യുടെ പ്രിന്‍സിപ്പാളായിരിക്കുകയായിരുന്നു. പാത്രിയര്‍ക്കീസ് ബാവായെ യഥായോഗ്യം മലങ്കരയിലേക്ക് എതിരേറ്റു കൊണ്ടുപോരേണ്ടതിന് ഏതാനുംപേര്‍ ബോംബെ വരെ പോകേണ്ടതാണെന്നു തീര്‍ച്ചപ്പെടുത്തി. ഇപ്പോഴത്തെ വലിയ തിരുമേനി, കോനാട്ടു മല്‍പാനച്ചന്‍, താമരപ്പള്ളില്‍ അബ്രഹാം കത്തനാര്‍, ഇ. എം. ഫിലിപ്പ്, കെ. സി. മാമ്മന്‍ മാപ്പിള എന്നിവര്‍ യാത്രയ്ക്കൊരുങ്ങിയപ്പോള്‍ നാമും കൂടി തങ്ങളോടൊന്നിച്ചു പോന്നേ മതിയാവൂ എന്നു മെത്രാപ്പോലീത്താ നമ്മോടാജ്ഞാപിച്ചു. ബാവാതിരുമേനിക്ക് ഊട്ടക്കമണ്ടില്‍ പോയി മദ്രാസ് ഗവര്‍ണറുമായി അഭിമുഖ ദര്‍ശനം നടത്തേണ്ടിയിരുന്നതിനാല്‍ അവിടെ ചെന്ന് ആവക കാര്യങ്ങള്‍ ശരിപ്പെടുത്തേണ്ടുന്നതിനായി മാമ്മന്‍ മാപ്പിള അങ്ങോട്ടും പോയി. പാത്രിയര്‍ക്കീസ് ബാവാമാരില്‍ ആരെയും അതുവരെ കണ്ടിട്ടില്ലാതിരുന്ന നമുക്ക് ആ ബോംബെ യാത്ര പ്രത്യേകിച്ചും ആഹ്ലാദകരമായിരുന്നു. നിശ്ചിത ദിവസത്തില്‍ ഞങ്ങളെല്ലാവരും ബോംബെയില്‍ ചെന്നുചേര്‍ന്നു. മലങ്കര സുറിയാനി സഭയുടെ ആരാധ്യപുരുഷനായ പാത്രിയര്‍ക്കീസ് ബാവായ്ക്കു ഞങ്ങളെ ഓരോരുത്തരെയായി മെത്രാപ്പോലീത്താ പരിചയപ്പെടുത്തിക്കൊടുത്തതനുസരിച്ച് ഞങ്ങളെല്ലാവരും ആനന്ദഭരിതരായി സഭക്തിബഹുമാനം തൃക്കരം മുത്തി നിര്‍വൃതി പൂണ്ടു. 
അന്ന് കശ്ശീശയായിരുന്ന നാം സ്വസമുദായം വക ഒരു ഇംഗ്ലീഷ് ഹൈസ്കൂളിന്‍റെ പ്രിന്‍സിപ്പാളാണെന്നറിയുകയാലും ബാവായുടെ ആവശ്യങ്ങള്‍ സാധിക്കുന്നതിനും, വേണ്ടുന്ന സാധനങ്ങള്‍ അപ്പഴപ്പോള്‍ വരുത്തുന്നതിനും നാം സഹായിയാണെന്നു ബോദ്ധ്യപ്പെട്ടതുകൊണ്ടും, നമ്മുടെ പേരില്‍ തിരുമേനിക്കു പ്രത്യേകം വാത്സല്യം തോന്നി. ബാവാതിരുമേനിയെ സംബന്ധിക്കുന്ന എന്തു കാര്യത്തിലും മുന്നിട്ടിറങ്ങാനും പ്രവര്‍ത്തിപ്പാനുമുള്ള നമ്മുടെ സന്നദ്ധതയും അത്യുത്സാഹവും തിരുമേനിയെ തൃപ്തിപ്പെടുത്തുകയും ചെയ്തു. ബോംബെയിലെ താമസത്തില്‍ നിന്നു തന്നെ ഇതു വേണ്ടുവോളം പ്രത്യക്ഷപ്പെട്ടിട്ടുള്ളതത്രെ. മംഗളാശംസാപരമായും അനുഗ്രഹാഭ്യര്‍ത്ഥനാരൂപത്തിലും വന്നുകൊണ്ടിരുന്ന കത്തുകള്‍, കമ്പികള്‍ മുതലായവ തിരുമനസ്സിലേക്കു സുറിയാനി ഭാഷയില്‍ പരിഭാഷപ്പെടുത്തിക്കൊടുക്കുക മുതലായി ഒരു പ്രധാന കാര്യദര്‍ശിയുടെ സ്ഥാനമാണ് തിരുമേനി നമുക്ക് നല്‍കിയത്. ഒരു ദിവസം തിരുമേനി ഇംഗ്ലീഷില്‍ എഴുതപ്പെട്ട ഒരു കത്തെടുത്തു നീട്ടിക്കൊണ്ട് അതൊന്നു പരിഭാഷപ്പെടുത്തി കേള്‍പ്പിക്കണമെന്നു കല്‍പിച്ചു. തദനുസരണം നാം ഏതാനും ഭാഗം പരിഭാഷപ്പെടുത്തി കേള്‍പ്പിച്ചപ്പോള്‍,
"ഈ എഴുത്തുകാരനെ അറിയുമോ?" എന്ന് അവിടുന്നു ചോദിച്ചതിന്, "ഉവ്വ്" എന്നു നാം ഉത്തരം ബോധിപ്പിച്ചു.
(ഒരു വിധത്തില്‍ പറയുന്നപക്ഷം ബാവാതിരുമേനിയുടെ മലങ്കര സന്ദര്‍ശനം അമംഗളമായി കലാശിക്കപ്പെടുവാനും, മലങ്കരസഭയില്‍ അസമാധാനവും അസന്തുഷ്ടിയും കൈവരുത്തുവാനും ഇടയാക്കിയ കാരണങ്ങളില്‍ ഒട്ടും അപ്രധാനമല്ലാത്ത പ്രസ്തുത കത്തിലെ സംഗതിയെപ്പറ്റി ഇവിടെ രണ്ടു വാക്കു പറയേണ്ടതായ ആവശ്യമുണ്ട്. പാത്രിയര്‍ക്കീസന്മാര്‍ക്കു മലങ്കരസഭയില്‍ പൂര്‍വകാലം മുതലേ ഉണ്ടായിരുന്ന ലൗകികാധികാരത്തെ മനഃപൂര്‍വ്വം തട്ടിപ്പറിച്ച് സ്വായത്തമാക്കിയത് പുലിക്കോട്ടു മെത്രാപ്പോലീത്തായും, അദ്ദേഹത്തിന്‍റെ സെക്രട്ടറിയും (ഇ. എം. ഫിലിപ്പ്) കൂടിയായിരുന്നുവെന്നും നഷ്ടപ്പെട്ടുപോയ ആ അവകാശാധികാരങ്ങളെ സമ്പാദിക്കേണ്ടതിലേക്കു ബാവാ അക്ഷീണയത്നം ചെയ്യേണ്ടതാണെന്നും വേണ്ടിവന്നാല്‍ വ്യവഹാരത്തിനുപോലും അവിടുന്നു സന്നദ്ധനായിരുന്നുകൊള്ളണമെന്നും ഇതിലേക്ക് ആവശ്യമാണെന്നു കല്‍പിക്കുന്നപക്ഷം 10,000 രൂപാ സംഭാവന ചെയ്വാന്‍ തിരുസിംഹാസനത്തോടുള്ള തന്‍റെ ഭക്തി തന്നെ പ്രേരിപ്പിക്കുന്നതായിരിക്കുമെന്നും മറ്റും എഴുതപ്പെട്ടിരുന്ന ഒരു കത്തായിരുന്നു ഇതെന്നു വായനക്കാര്‍ ഗ്രഹിച്ചിരിക്കേണ്ടതാണ്. ഈ വിധം ഒരു കത്തെഴുതിയ ആളുടെ ഉദ്ദേശ്യത്തെപ്പറ്റി നാം ഇങ്ങനെയാണ് കേട്ടിട്ടുള്ളത്. സ്വപിതാവിന്‍റെ ഒരു ഛായാപടം വരച്ച് കോട്ടയം പഴയസെമിനാരിയുടെ 'കമ്മിറ്റി' മാളികയില്‍ പ്രതിഷ്ഠിക്കത്തക്കവണ്ണം അനുമതി വാങ്ങിപ്പാനായി ഇയാള്‍ കാലംചെയ്ത പുലിക്കോട്ടു മെത്രാച്ചന്‍റെ അടുക്കല്‍ ചെന്നിരുന്നപ്പോള്‍ സെക്രട്ടറിയുമായി ആലോചിച്ചതിന്‍റെ ശേഷം, കൊണ്ടുവരുന്ന ചിത്രങ്ങളെല്ലാം വാങ്ങി അലങ്കരിക്കപ്പെടുവാനുള്ളതല്ല 'കമ്മിറ്റി മാളിക' എന്ന അര്‍ത്ഥത്തില്‍ തിരുമേനി മറുപടി കല്‍പിക്കയുണ്ടായി പോല്‍). 
"ഈ എഴുത്തുകാരനെ അറിയും, ഇല്ലേ?"
"ഉവ്വ്."
"ഇതില്‍ പറയുന്ന കാര്യത്തിനായി പതിനായിരം ഉറുപ്പിക തരുവാന്‍ ഇയാള്‍ ശക്തനായിരിക്കുമോ?"
"അതിനെപ്പറ്റി എനിക്കു വിശേഷിച്ചൊന്നും അറിയാന്‍ പാടില്ല. കൈവശം പണമായിട്ടുണ്ടോ, എന്തോ, ഭൂസ്വത്തു കാണുമായിരിക്കും." 
"അതിരിക്കട്ടെ; എഴുത്തു നന്നായി വായിച്ചുവല്ലോ. പണത്തിന്‍റെ കാര്യം നമുക്കു പിന്നെ അന്വേഷിച്ചറിയാം. വല്ല കാരണത്താലും, നാമും ദീവന്നാസ്യോസും തമ്മില്‍ അന്യോന്യം പിണങ്ങാന്‍ ഇടവരുന്നപക്ഷം നിങ്ങള്‍ നമ്മോടുകൂടി നില്‍ക്കുമോ, അതോ ദീവന്നാസ്യോസിന്‍റെ പക്ഷംപിടിക്കുമോ?"
എന്താ മറുപടി ഉണര്‍ത്തിക്കേണ്ടത് എന്നറിയാതെ നാം സ്വല്‍പനേരം അന്ധനായി നിന്നുപോയി. 
പാത്രി: "മറുപടി പറയണം!"
നാം: "ആബൂന്‍ മാര്‍ ദീവന്നാസ്യോസ് എന്‍റെ ഗുരുവാണ്. സത്യത്തിനെതിരായി അദ്ദേഹം പ്രവര്‍ത്തിക്കുന്നതില്‍ ഞാന്‍ കൂട്ടുകാരനാകയില്ല. അല്ലാത്തപക്ഷം ഞാന്‍ അദ്ദേഹത്തോടു കൂടിയേ നില്‍ക്കുകയുള്ളു."
നമ്മുടെ ഈ മറുപടിയില്‍ ബാവാതിരുമേനിക്ക് അതൃപ്തിയും നിരാശയുമാണ് ഉണ്ടായതെന്ന് അനുക്ഷണം അവിടുത്തെ മുഖം വെളിപ്പെടുത്തി. 
നമ്മുടെ നേരെ 
പാത്രിയര്‍ക്കീസ് ബാവാ ആദ്യമായി ആര്‍ത്താറ്റു-കുന്നംകുളം പള്ളിയില്‍ എത്തി; സ്വല്പനാള്‍ അവിടെ താമസിച്ചതിന്‍റെശേഷം ആഘോഷപൂര്‍വ്വം 85 തുലാം 3-ന് ചൊവ്വാഴ്ച കോട്ടയം പഴയസെമിനാരിയില്‍ വന്നുചേര്‍ന്നു. തിരുവനന്തപുരത്തേക്കു പോയി മഹാരാജാവുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞതിന്‍റെ ശേഷം വൃശ്ചികം 1-നു വീണ്ടും സെമിനാരിയില്‍ തന്നെ തിരികെ വന്നു താമസിക്കുകയാണ്. തദവസരത്തില്‍ ബാവായുടെ ലൗകികാധികാരാഭിവാഞ്ഛയുടെയും അതോടൊപ്പം മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്കുള്ള വൈമുഖ്യത്തിന്‍റെയും ലാഞ്ഛനകള്‍ അവിടവിടെ പ്രത്യക്ഷപ്പെട്ടതോടുകൂടി മെത്രാപ്പോലീത്തായുടെ പൂര്‍വ്വവൈരികള്‍ തങ്ങളുടെ അഭിലാഷപൂര്‍ത്തിക്കായുള്ള കാലം വന്നണഞ്ഞതില്‍ സന്തോഷിച്ച് ആയുധങ്ങള്‍ കൈയിലെടുത്തു. ഇക്കാലത്ത് മെത്രാപ്പോലീത്തായുടെ പക്ഷം നില്‍ക്കുന്നവര്‍ക്ക് മുന്നോട്ടു ചാടുവാന്‍ ഇടയാവുകയും അവരെ ഓരോരുത്തരെയും കെണിയില്‍ പിടിച്ചു ബന്ധിക്കുവാന്‍ മെത്രാപ്പോലീത്തായുടെ വൈരികള്‍ ശ്രമം തുടങ്ങുകയും ചെയ്തു. 
എം.ഡി. സെമിനാരി ഹൈസ്കൂളിലെ ഉയര്‍ന്ന ക്ലാസുകളില്‍ വേദം പഠിപ്പിച്ചിരുന്നതു നാം ആയിരുന്നു. ഒരു ദിവസം 'രക്ഷയെ'പ്പറ്റി നാം ക്ലാസില്‍ സവിസ്തരം പഠിപ്പിച്ചുവരവേ, വി. കൂദാശകളെപ്പറ്റിയും സ്വല്പമായൊന്നു വിമര്‍ശിക്കേണ്ടതായി വന്നു കൂടി. അപ്പോള്‍ ഒരു വിദ്യാര്‍ത്ഥി "മേല്പട്ടക്കാരെ വാഴിക്കുന്നതിനു ആര്‍ക്കാണ് അധികാരം?" എന്ന് ചോദ്യം ചെയ്തു. അതിനുത്തരമായി, ആ അധികാരം മേല്‍പട്ടക്കാരുടെ സുന്നഹദോസിനാണെന്നും, രണ്ടോ മൂന്നോ മേല്‍പട്ടക്കാര്‍ കൂടിയാല്‍ ഒരു മേല്‍പട്ടക്കാരനെ വാഴിക്കാവുന്നതാണെന്ന് നിഖ്യാ സുന്നഹദോസില്‍ തീരുമാനിച്ചിട്ടുണ്ടെന്നും, അല്‍വാറീസു മെത്രാച്ചനെ മലങ്കരയിലുള്ള മൂന്നു മേല്‍പട്ടക്കാര്‍ കൂടി വാഴിച്ചതാണെന്നും മറ്റും വിദ്യാര്‍ത്ഥികളുടെ തുടരെയുണ്ടായ ചോദ്യങ്ങള്‍ക്കു മറുപടിയായി നാം പ്രസ്താവിച്ചുപോയി. ഇതൊക്കെ പതിന്മടങ്ങ് വലിപ്പത്തില്‍ ബാവായുടെ ചെവിയിലെത്തുകയും, തല്‍ഫലമായി നമുക്ക് തിരുസന്നിധിയില്‍ ഹാജരാവുകയും ചെയ്യാന്‍ ഇടയായി എന്നു പറഞ്ഞാല്‍ മതിയല്ലോ. 
പാത്രിയര്‍ക്കീസ്: "പാത്രിയര്‍ക്കീസന്മാര്‍ക്ക് മാത്രമല്ല, കാതോലിക്കാമാര്‍ക്കും, മെത്രാപ്പോലീത്തന്മാര്‍ക്കും, മൂറോന്‍ കൂദാശ ചെയ്യാമെന്നും മെത്രാന്മാരെ വാഴിക്കാമെന്നും പള്ളിക്കൂടത്തില്‍ പഠിപ്പിച്ചുവെന്നു കേള്‍ക്കുന്നതു വാസ്തവമോ?"
നാം മൗനം അവലംബിച്ചു. മൂറോന്‍ കൂദാശ ചെയ്വാന്‍ പാത്രിയര്‍ക്കീസിനും കാതോലിക്കായ്ക്കും മെത്രാപ്പോലീത്തായ്ക്കും അധികാരമുള്ളതാണെന്നും, എപ്പിസ്കോപ്പന്മാരെ വാഴിക്കുവാന്‍ മെത്രാപ്പോലീത്താ അദ്ധ്യക്ഷനായിരിക്കുന്ന സുന്നഹദോസിനു കഴിവുള്ളതാണെന്നും ഹൂദായ കാനോനില്‍ വ്യക്തമായി പറഞ്ഞിരിക്കേ, സഭാനിയമത്തിനും മനസ്സാക്ഷിക്കൊത്ത സത്യത്തിനും അനുകൂലമായി നാം പഠിപ്പിച്ചത് തെറ്റാണെന്നായിരിക്കുമോ ബാവാ വിധി കല്‍പിക്കുന്നതെന്നാലോചിച്ചു നാം കുഴങ്ങി. 
നാം: "മൂറോനെപ്പറ്റി ഞാന്‍ യാതൊന്നും ക്ലാസ്സില്‍ പഠിപ്പിച്ചിട്ടില്ല. ആ കാര്യമേ അവിടെ വച്ച് ഞാന്‍ മിണ്ടിയിട്ടില്ല. മേല്‍പട്ടക്കാരെ വാഴിക്കുന്നതിനെ സംബന്ധിച്ചു മാത്രമേ പറഞ്ഞുള്ളു."
പാത്രിയര്‍ക്കീസ്: "ശരി അങ്ങനെ പഠിപ്പിക്കുവാനുണ്ടായ കാരണം?"
നാം: "ഹൂദായ കാനോനില്‍ അങ്ങനെ കാണുന്നുണ്ടല്ലോ. സഭയുടെ നിയമത്തിനു വിരോധമായി ഒന്നും ഞാന്‍ പഠിപ്പിച്ചിട്ടില്ല."
പാത്രിയര്‍ക്കീസ്: (സമീപെ നിന്നിരുന്ന കോനാട്ടു മല്‍പ്പാനച്ചനോടും ഔഗേന്‍ റമ്പാനോടുമായി) "ഇയ്യാളുടെ വഴി വിസ്താരമുള്ളതാകുന്നു. ഇയ്യാള്‍ വിജ്ഞാനസമുദ്രം തന്നെ" എന്ന് നമ്മെ ഒന്ന് കളിയാക്കി കല്‍പിച്ചപ്പോള്‍ ഔഗേന്‍ റമ്പാന്‍ "പാത്രിയര്‍ക്കീസിന്‍റെ അധികാരത്തെ നിഷേധിച്ചൊന്നും പറഞ്ഞിട്ടില്ലല്ലോ?"
പാത്രിയര്‍ക്കീസ്: "നാം നിങ്ങളോട് ക്ഷമിച്ചിരിക്കുന്നു. അനുഗ്രഹിക്കട്ടെ, മുട്ടുകുത്തുക!"
നാം: "ഇതില്‍ യാതൊരു കുറ്റവും ഞാന്‍ ചെയ്തിട്ടില്ല. എങ്കിലും അവിടുത്തെ അനുഗ്രഹം ആവശ്യമാണ്" എന്ന് പറഞ്ഞ് ഭക്തിപൂര്‍വ്വം നാം മുട്ടിന്മേല്‍ നിന്നു. 
'ശല്‍മൂസാ' പോരാ!
പുരാതനകാലം മുതലേ മലങ്കരയില്‍ ആത്മീയവും ലൗകികവുമായ വിഷയങ്ങളില്‍ സഭാഭരണം നടത്തിയിട്ടുള്ളത് മലങ്കര മെത്രാപ്പോലീത്തന്മാരത്രേ. ശീമയില്‍ നിന്നു വന്ന ചില മേല്‍പ്പട്ടക്കാര്‍ ഭരണവിഷയത്തില്‍ പ്രവേശിക്കുകവഴിയായി പല കുഴപ്പങ്ങള്‍ക്കും സംഗതിയായിത്തീര്‍ന്നതിനാല്‍ മലങ്കരസഭാ സംബന്ധമായ ലൗകികകാര്യങ്ങളില്‍ ശീമമെത്രാന്മാര്‍ പ്രവേശിച്ചുകൂടാ എന്നും, ആത്മീയവിഷയത്തില്‍ സഭയെ സഹായിപ്പാന്‍ മാത്രമേ അവര്‍ക്കധികാരമുള്ളൂ എന്നും തീരുമാനമുണ്ടായി. 1063-ലെ (1889) റോയല്‍കോര്‍ട്ടു വിധി നോക്കിയാല്‍ ഇത് പ്രത്യക്ഷപ്പെടുന്നതായിരിക്കും. ഇതിനെതിരായി മലങ്കര സഭമേല്‍ ലൗകികാധികാരവും ഉള്‍ഭരണവും തനിക്ക് കിട്ടണമെന്ന് പാത്രിയര്‍ക്കീസ് ബാവാ ആഗ്രഹിച്ചു. മുന്‍കാലത്ത് യാതൊരു മെത്രാപ്പോലീത്തായും മലങ്കരസഭയുടെ ലൗകികാധികാരം പാത്രിയര്‍ക്കീസിനുള്ളതാണെന്ന് സമ്മതിച്ച് ഉടമ്പടി കൊടുത്തിട്ടില്ലെന്നും അങ്ങനെ ഒരു നടപടിയേ ഇവിടെ ഉണ്ടായിട്ടില്ലെന്നും ഗ്രഹിച്ചിരുന്ന ബാവാ ഇപ്പോഴുള്ള മെത്രാന്മാരെല്ലാവരും ഉടമ്പടി തരണമെന്നും, അങ്ങനെ തരുന്നവര്‍ക്ക് മാത്രമേ മേലില്‍ മെത്രാന്‍ സ്ഥാനം നല്‍കുകയുള്ളുവെന്നും കല്‍പിക്കാന്‍ തുടങ്ങി. മെത്രാന്‍ സ്ഥാനാഭിഷേകവേളകളില്‍ സത്യവിശ്വാസങ്ങളെ പാലിച്ചുകൊള്ളാമെന്ന് സമ്മതിച്ച് വിശുദ്ധ മദ്ബഹായില്‍ വച്ച് കൊടുക്കുന്ന 'ശല്‍മൂസാ'യ്ക്ക് പുറമേ മുദ്രപ്പത്രത്തില്‍ എഴുതി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ഒരു ഉടമ്പടി കൂടി വേണം എന്നാണ് ബാവായുടെ നിര്‍ബന്ധം എന്ന് വിശേഷിച്ചു പറയേണ്ടതില്ലല്ലോ. മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായും, മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായും ഈ തരത്തിലുള്ള ഉടമ്പടികള്‍ എഴുതിക്കൊടുത്തു (1085 ഇടവം 1; 1086 ചിങ്ങം 12). ഈ ഉടമ്പടിയാലുള്ള ഭവിഷ്യത്തിനെ ഗ്രഹിച്ച മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ പാത്രിയര്‍ക്കീസ് ബാവായെ ഭയന്ന് അവിടവിടെ ചുറ്റി സഞ്ചരിച്ചു വന്നിരുന്നു. പാത്രിയര്‍ക്കീസ് ബാവാ അവിടുത്തെ സ്വരം ഒന്നുയര്‍ത്തി. തല്‍ക്ഷണം മാര്‍ കൂറിലോസ് മെത്രാപ്പോലീത്താനിര്‍ദ്ദിഷ്ട വാചകത്തില്‍ ഉടമ്പടിയും നല്‍കി. ഇതെല്ലാം കണ്ടിട്ടും മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ ദൃഢനിശ്ചയത്തിന് യാതൊരു വ്യതിയാനവും ഉണ്ടായില്ല. എന്തുവന്നാലും ശരി, അങ്ങനെ ഒരു ഉടമ്പടി താന്‍ എഴുതുകയില്ലെന്ന് അദ്ദേഹം ശപഥം ചെയ്തു. പലവിധത്തിലും മെത്രാപ്പോലീത്തായെ വശംവദനാക്കുവാന്‍ പാത്രിയര്‍ക്കീസ് ബാവാ പരിശ്രമിക്കുകയുണ്ടായി. അവയൊക്കെ ഫലശൂന്യമെന്ന് ബോദ്ധ്യപ്പെട്ടപ്പോള്‍, "എന്നാല്‍ ഇതിന്‍റെ ദോഷഫലം നിങ്ങള്‍ അനുഭവിക്കും. ഊര്‍ശ്ലേം ഈവാനിയോസിന്‍റെ കഥ നിങ്ങള്‍ അറിഞ്ഞിട്ടുണ്ടല്ലോ" എന്നീ പദങ്ങള്‍ അവിടുത്തെ തിരുവായില്‍ നിന്ന് പുറപ്പെട്ട് സമുദായമെങ്ങും മുഴങ്ങി. 
ഉടമ്പടി വേണം
മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്തായെ മുടക്കുവാനുണ്ടായ യഥാര്‍ത്ഥ കാരണം, അദ്ദേഹം ലൗകികാധികാരം പാത്രിയര്‍ക്കീസിനുള്ളതാണെന്ന് സമ്മതിച്ചുകൊണ്ട് ഉടമ്പടി കൊടുക്കാഞ്ഞതാണെന്നുള്ളത് നമുക്ക് അന്നും ഇന്നും ബോധ്യമായിട്ടുള്ളതത്രേ. മറ്റൊന്നും അദ്ദേഹം ചെയ്യുകയുണ്ടായില്ല. 
ലൗകികാധികാരം സമ്മതിച്ച് ഉടമ്പടി കൊടുക്കാഞ്ഞ ഏക കാരണത്താല്‍ മാത്രം മെത്രാപ്പോലീത്താ പാത്രിയര്‍ക്കീസ് ബാവായുടെ അപ്രിയത്തിനും കോപത്തിനും വശംവദനായിത്തീര്‍ന്നുപോയി. എവിടെയെല്ലാം വച്ച്, ഏതെല്ലാംവിധത്തില്‍ പ്രസ്തുത ഉടമ്പടിയെക്കുറിച്ച് വാഗ്വാദങ്ങള്‍ നടന്നിട്ടുണ്ടെന്ന് നാം അറിഞ്ഞിട്ടുള്ളതാണ്. പുതുപ്പള്ളിയില്‍ വച്ച് ഒരിക്കല്‍ മെത്രാപ്പോലീത്തായുടെ മുഖത്തുനോക്കി ആട്ടിയതിനു തുല്യം പരുഷമേറിയ വാക്കുകള്‍ ബാവായുടെ വായില്‍ നിന്ന് നിര്‍ഗ്ഗമിക്കപ്പെടുകയുണ്ടായില്ലയോ? ദുസ്സഹമായ മനോവ്യഥയോടുകൂടി മെത്രാപ്പോലീത്തായ്ക്ക് അപ്പോള്‍ അവിടെനിന്ന് ഓടിപ്പോകേണ്ടതായിത്തന്നെ വന്നില്ലയോ? അനന്തരം പഴയസെമിനാരിയില്‍ വച്ച് മറ്റൊരിക്കല്‍ (1086 ഇടവം 15) മട്ടയ്ക്കല്‍ മല്‍പാനച്ചന്‍ കേട്ടുകൊണ്ടിരിക്കവെ, "മറ്റു മെത്രാന്മാര്‍ ചെയ്തതുപോലെ നിങ്ങളും ചെയ്തില്ലെങ്കില്‍" എന്നിങ്ങനെ ആ വന്ദ്യപിതാവില്‍ നിന്ന് പുറപ്പെട്ട തീക്ഷ്ണാട്ടഹാസങ്ങള്‍ക്ക് ആ സെമിനാരിയുടെ നിര്‍ജ്ജീവങ്ങളായ ചുവരുകളും ജനല്‍ വാതിലുകളും സാക്ഷികളല്ലയോ? 
പാത്രിയര്‍ക്കീസുബാവായുടെ അഭീഷ്ടപ്രകാരം മെത്രാപ്പോലീത്താ വഴിപ്പെടാന്‍ ഇടയില്ലെന്ന് പ്രത്യക്ഷപ്പെട്ടപ്പോള്‍, പാത്രിയര്‍ക്കീസും ട്രസ്റ്റികളും കൂടിച്ചേര്‍ന്ന് സമുദായസ്വത്തുക്കള്‍ കരസ്ഥമാക്കുവാനുള്ള ശ്രമം തുടങ്ങിപ്പോയി. ഒന്നാമതായി പഴയസെമിനാരി തന്നെ കൈവശമാകട്ടെ എന്ന് അവര്‍ നിശ്ചയിച്ചു. പ്രത്യേകം അയയ്ക്കപ്പെട്ട എഴുത്തുകുത്തുകളുടെ ഫലമായി 1086 ഇടവം 20-ാം തീയതിയോടു കൂടി അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ, ഒസ്താത്യോസ് മെത്രാപ്പോലീത്താ, കൂറിലോസ് മെത്രാപ്പോലീത്താ, അത്താനാസ്യോസ് മെത്രാപ്പോലീത്താ, യൂയാക്കിം റമ്പാന്‍, ഔഗേന്‍ റമ്പാന്‍, ശീമക്കാരായ രണ്ട് റമ്പാന്മാര്‍, കോനാട്ടു മല്‍പാനച്ചന്‍ എന്നിവര്‍ പഴയസെമിനാരിയിലെത്തി പ്രത്യേകം പ്രത്യേകം മുറികളില്‍ ആവാസമുറപ്പിച്ചു. സെമിനാരിയുടെ കിഴക്കേ കെട്ടില്‍ മൂന്നാമത്തെ നിലയും, പടിഞ്ഞാറെ കെട്ടില്‍ രണ്ടാമത്തെ നിലയിലെ വടക്കേ മുറിയും 'കമ്മിറ്റി' മാളികയും പാത്രിയര്‍ക്കീസുബാവായുടെ ആധിപത്യത്തിലായി. ഇങ്ങനെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും മട്ടയ്ക്കല്‍ മല്‍പാനച്ചനും ശെമ്മാശ്ശന്മാരും താമസിച്ചുവന്ന ചുരുക്കം ചില മുറികളൊഴിച്ച് രണ്ടും മൂന്നും നിലകളിലുള്ള സര്‍വ്വ മുറികളുടെയും താക്കോലുകള്‍ മറുപക്ഷത്തായിക്കഴിഞ്ഞു. ഇവയ്ക്കും പുറമേ പ്രസ്തുതയാണ്ട് ഇടവമാസം ഒന്നാം തീയതി പ്രസ്സുമുറിയുടെ താക്കോലും ട്രസ്റ്റിമാരിലൊരാള്‍ കൈക്കലാക്കി. ഇതിനെ തുടര്‍ന്ന് പ്രസിദ്ധപ്പെട്ട സെമിനാരി സമരിക്കേസും ആരംഭിച്ചു. ഇതില്‍ വിജയം ലഭിക്കുന്നതിനു മലങ്കര മെത്രാപ്പോലീത്തായെ മുടക്കാതെ യാതൊരു നിര്‍വ്വാഹവുമില്ലെന്ന് പാത്രിയര്‍ക്കീസുബാവായും അദ്ദേഹത്തിന്‍റെ പക്ഷക്കാരും ആലോചിച്ചുറപ്പിച്ചു. ഇതിനാലാണ് മുടക്കുണ്ടായതും അങ്ങനെയാണ് 1086 ഇടവം 28 ശനിയാഴ്ച പ്രസ്തുത കല്‍പന അടുത്ത മുറിയില്‍ താമസിച്ചിരുന്ന മലങ്കര മെത്രാപ്പോലീത്തായ്ക്ക് അടിയന്തിരത്തില്‍ അഞ്ചല്‍മാര്‍ഗ്ഗം ലഭിക്കാന്‍ ഇടയായതും. മുടക്കിനു മുമ്പ് അനുവര്‍ത്തിക്കേണ്ടുന്ന യാതൊരു കാനോനിക നടപടിയും ഗൗനിക്കപ്പെട്ടില്ല. മേല്‍പ്പട്ടക്കാരുടെ സുന്നഹദോസില്‍ വച്ച് മെത്രാപ്പോലീത്തായുടെ സമാധാനങ്ങള്‍ ആവശ്യപ്പെടുകയും ഉണ്ടായില്ല! 
അദ്ദേഹത്തിന്‍റെ ദുരിതം
പ്രസ്തുത സമരിക്കേസ് നടന്നുകൊണ്ടിരുന്നപ്പോഴത്തെ വാസ്തവകഥ കള്‍ പരസ്യപ്പെടുത്തുകയെന്നത് അത്യന്തം ലജ്ജാകരമായിട്ടുള്ളതത്രേ. ചരിത്രപ്രസിദ്ധവും സമുദായാഭിമാനസ്തംഭമെന്ന നിലയില്‍ ലാലസിക്കപ്പെടുന്നതുമായ പഴയസെമിനാരി ചട്ടമ്പികളുടെ ആഗമനത്തോടുകൂടി എന്തൊരു പ്രാകൃതവേഷത്തെ കൈക്കൊണ്ടുവെന്നു വിവരിക്കുക നമ്മാല്‍ ശക്യമായിട്ടുള്ളതല്ല. അക്കാലത്ത് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ ജീവനെ ലക്ഷ്യംവെച്ച് പലതരം വിക്രിയകള്‍ നടത്തപ്പെട്ട അനേകം രാത്രികള്‍ കഴിഞ്ഞുപോയിട്ടുണ്ട്. സെമിനാരിക്കെട്ടിടത്തിന്‍റെ രണ്ടാം നിലയിലുള്ള വടക്കുവശത്തെ മുറിയില്‍ തിരുമേനി നിര്‍ബാധം ഉറങ്ങിക്കൊണ്ടിരിക്കവേ, പ്രസ്തുത മുറിയുടെ പുറത്ത് മുളങ്കോവണി വെച്ച് ജനല്‍വഴി അകത്ത് പ്രവേശിപ്പാന്‍ പലപ്പോഴും, ചട്ടമ്പികള്‍ ശ്രമിക്കുകയുണ്ടായിട്ടുണ്ടെന്നും തദവസരങ്ങളില്‍ ഗോവണി തെറ്റിപ്പോകയോ അതല്ലെങ്കില്‍ കയറിയ ആള്‍ക്ക് തലചുറ്റല്‍ ഉണ്ടാവുകയോ ചെയ്കയാല്‍ മാത്രം ഉദ്ദേശ്യം നിവര്‍ത്തിക്കപ്പെടാത്തതാണെന്നും കേള്‍ക്കുമ്പോള്‍ വായനക്കാര്‍ക്ക് ഹൃദയസ്പന്ദനം കൂടുതലായി തോന്നുന്നില്ലയോ? മെത്രാപ്പോലീത്താ ഇവയെപ്പറ്റി ഇപ്പോഴും വളരെയൊന്നും അറിഞ്ഞു കാണുകയില്ലായിരിക്കണം. മറ്റുള്ളവര്‍ അവിടുത്തെ ജീവരക്ഷയെക്കരുതി ചെയ്തു വന്ന മുന്‍കരുതലുകളെപ്പറ്റിയും അങ്ങനെ തന്നെ. ഇക്കാര്യങ്ങളെക്കുറിച്ച് അദ്ദേഹത്തോട് ആര്‍ ഉണര്‍ത്തിക്കുവാനാണ്? അവിടുന്ന് കട്ടിലില്‍ കയറിക്കിടന്നാലുടന്‍ നിശ്ശബ്ദമായി പ്രസ്തുത മുറിയുടെ പുറത്തുള്ള വരാന്തയില്‍ എന്നും കിടക്കത്തക്കവണ്ണം നാം ചിലരെ ഏര്‍പ്പെടുത്തിയിരുന്നതൊന്നും അവിടുന്ന് കേട്ടിട്ടേ ഉണ്ടായിരിക്കയില്ല.
"ഉ-ൗ-ൗ"
രാത്രിയെ പകലാക്കിക്കഴിച്ചുകൂട്ടിപ്പോന്ന ആ നാളുകളില്‍ മെത്രാപ്പോലീത്തായുടെ പാര്‍ശ്വവര്‍ത്തികള്‍ സെമിനാരി വരാന്തയുടെ ഒരു ഭാഗത്തും, ട്രസ്റ്റിപക്ഷക്കാര്‍ മറ്റു വരാന്തകളിലുമായിരുന്നു ഉറങ്ങുമാറുണ്ടായിരുന്നത്. ഏതോ ദിവസം രാത്രിയില്‍ (തീയതി നാമിപ്പോള്‍ ഓര്‍മ്മിക്കുന്നില്ല) നേരം പാതിരാത്രി കഴിഞ്ഞിരിക്കണം, മുകളില്‍ നിന്ന് അതാ 'ഊ-ഊ-ൗ-ൗ-ൗ' എന്ന് ഉച്ചത്തിലൊരു നിലവിളി കേള്‍ക്കപ്പെടുന്നു! തേള്‍ കടിയേറ്റിട്ടെന്നവണ്ണം. എല്ലാവരും പിടഞ്ഞെണീറ്റുകൊണ്ട് ആലിലപോലെ വിറയായി. ചട്ടമ്പികളുടെയും ആഭാസന്മാരുടെയും വിഹാരരംഗമായിത്തീര്‍ന്നിട്ടുള്ള ഒരു സ്ഥലത്തുനിന്ന് അര്‍ദ്ധരാത്രിയില്‍ കേള്‍ക്കപ്പെടുന്ന നിലവിളിക്ക് അര്‍ത്ഥമില്ലയോ. 'ആരോ ഒരാളുടെ കഥ കഴിഞ്ഞു!' എന്ന് ഏവരും തീര്‍ച്ചപ്പെടുത്തി. ആള്‍ ആരായിരിക്കാം? കണ്ണില്‍ കുത്തിയാല്‍പോലും കാണാന്‍ വയ്യാത്ത കൂരിരുട്ട്. എവിടെയും നിശ്ശബ്ദം. എങ്ങനെ പോകുന്നു, എങ്ങോട്ടു പോകുന്നു "ഉ-ൗ-ൗ- കൊത്തേല്ലീ" (എന്നെ കൊല്ലുന്നേ) എന്ന ശബ്ദം അപ്പോഴും പ്രതിധ്വനിച്ചുകൊണ്ടിരിക്കുകയാണ്. നിശ്ചയമായും സംഭവം മുകളില്‍ത്തന്നെയെന്ന് ഏവരും തീര്‍ച്ചപ്പെടുത്തി. ശീമക്കാരില്‍ ആരുടെയോ കഥ കഴിഞ്ഞിരിക്കണം. എന്നിട്ടും ഗോവണിമേല്‍ കാല്‍വെപ്പാന്‍ ആര്‍ക്കും ധൈര്യമില്ല. ആ ഒരു പരിശ്രമവും ഭയവും സ്വല്‍പനേരമേ നിലനിന്നുള്ളു. 'ചട-പട'യെന്നു കുറെപ്പേര്‍ കയറി, മുകളിലേക്ക്. ഒപ്പം നാമും എത്തി. നിലവിളി രണ്ടാമത്തെ വരാന്തയില്‍ നിന്നു തന്നെ. ഓടി എല്ലാവരും അങ്ങോട്ട്. കൃത്യസ്ഥലത്തു ചെന്നപ്പോള്‍ - എന്തു പറയാവൂ - അത്ഭുതം അത്യത്ഭുതം! സി. ജെ. കുര്യന്‍റെ രണ്ടാമത്തെ മകന്‍ (ഉതുപ്പച്ചന്‍) ശീമക്കാരനായ ഹന്നാ റമ്പാനെ ഇരുകൈകള്‍കൊണ്ടും ഞെക്കിപ്പിടിച്ചു. ഊ-ൗ-ൗ-ൗ ശബ്ദംകൊണ്ടും മറ്റും ആള്‍ അറിഞ്ഞതോടുകൂടി ഉതുപ്പച്ചന്‍ പിടിവിട്ടു. ഇരുവരും സലജ്ജം മുഖം താഴ്ത്തി. കണ്ടവരൊക്കെ ചിരിയും തുടങ്ങി.
സ്വകാര്യമായി എന്തോ ചില റിക്കാര്‍ഡുകളും സാമാനങ്ങളും സെമിനാരി മാനേജരായ മട്ടയ്ക്കല്‍ മല്പാനച്ചന്‍ അര്‍ദ്ധരാത്രിയില്‍ ഇല്ലം കടത്താറുണ്ടെന്നു ശത്രുപക്ഷക്കാര്‍ സംശയിച്ചിരുന്നു. മൂത്രമൊഴിക്കാനോ മറ്റോ പുറത്തേക്ക് കടന്ന ഹന്നാ റമ്പാനെ മല്പാനച്ചനാണെന്നു കരുതി ഉതുപ്പച്ചന്‍ പിടിയുമിട്ടു.
മോഷണം പോയ പെട്ടി കിട്ടി
1086 മിഥുനം 4-ാം തീയതി ഞായറാഴ്ചയാണ്. നേരം വെളുത്ത് പ്രഭാത പ്രാര്‍ത്ഥനയും കഴിഞ്ഞ് നാം പഴയസെമിനാരിയിലേക്ക് യാത്രയൊരുങ്ങി. കുറെ പണം കൈയിലിരിക്കട്ടെയെന്നു കരുതി കൈപ്പെട്ടി എടുക്കാന്‍ പറഞ്ഞു. വെച്ചിരുന്ന സ്ഥലത്ത് പെട്ടി കാണുന്നില്ല. മുറിയെല്ലാം പരിശോധിച്ചു. എന്നിട്ടും തഥൈവ! മാനേജരും ശെമ്മാശന്മാരും എല്ലാവരും വന്നു. അന്ന് കെ. വി. ചാക്കോ അടുത്തൊരു വീട്ടില്‍ താമസിക്കുന്നുണ്ടായിരുന്നു. ആളെ വിട്ട് അദ്ദേഹത്തെ വരുത്തി. ആരെല്ലാം വന്നിട്ടും ഫലം നാസ്തി. പെട്ടിയില്‍ കുറെ രൂപയുണ്ട്. അതിനു പുറമേ ഗൗരവതരങ്ങളായ പല രേഖകളും! കാര്യം ചുറ്റിയല്ലോ എന്നു നാം അന്ധാളിച്ചു. അപ്പോള്‍ എത്തുന്നു, സ്കൂളിലെ തോട്ടക്കാരന്‍. ഇവന്‍ അവിടെ സെമിനാരി വളപ്പില്‍ താമസക്കാരനാണ്. 
"എടാ, മുറിയിലിരുന്ന കൈപ്പെട്ടി കാണാനില്ല. ആരോ തട്ടിയതായിരിക്കണം, അന്വേഷിക്കണം, കേട്ടോ!"
"ഇന്നു പുലര്‍ച്ചനേരത്ത് കുശിനിപ്പുരയുടെ പിറകില്‍ നിന്നുകൊണ്ട് ഒന്നുരണ്ട് ശെമ്മാശ്ശന്മാര്‍ മന്ത്രിക്കുന്നതായി അടിയന്‍ കണ്ടു. അടുത്ത് ചെന്നപ്പോള്‍ അവര്‍ ഒരോട്ടം. ഇവിടെ താമസിക്കുന്നവരല്ല അവര്‍ എന്ന് അടിയനു തോന്നി."
"എന്നാല്‍ കുശിനിയുടെ പിറകിലുള്ള കുഴിയിലൊന്നു നോക്കണമല്ലോ" എന്ന് പറഞ്ഞ് ചിലര്‍ അങ്ങോട്ടു പോയി. അവിടെ കുറെ സ്ഥലത്ത് മണ്ണിളകിയതായി കാണപ്പെട്ടു. മാന്തി നോക്കി, പെട്ടിയവിടെ ഇരിക്കുന്നു! യാതൊരു ഹാനിയും പെട്ടിക്കുണ്ടായിരുന്നില്ല. അന്നുമുതല്‍ എല്ലാ ദിവസവും ഉറങ്ങാന്‍ നേരത്ത് ആ പെട്ടിയെടുത്തു നാം മറ്റൊരിടത്ത് നിക്ഷേപിച്ചു വന്നു. സാധാരണയായി ആ പെട്ടി വെക്കാനുള്ള സ്ഥലത്തിനു സമീപം അതുപോലെ വേറൊരു പെട്ടി വെക്കുകയും പതിവായി. 
ശെമ്മാശ്ശന്മാരുടെ വേഷമണിഞ്ഞ് നാം ഉറങ്ങിക്കിടന്നപ്പോള്‍ തുറന്നു കിടന്നിരുന്ന ജനല്‍വഴിയോ മറ്റോ അകത്തു കടന്ന ചട്ടമ്പികള്‍ ആയിരുന്നു പെട്ടി എടുത്തതെന്ന് പിന്നൊരിക്കല്‍ നാം കേട്ടു.
പെട്ടി മോഷ്ടിച്ചതെന്തിന്?
പാത്രിയര്‍ക്കീസ് ബാവാ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായെ മുടക്കിക്കളഞ്ഞു. ഒരു ശനിയാഴ്ച ദിവസത്തിലായിരുന്നു അതു സംബന്ധിച്ച് കല്പന അഞ്ചല്‍ വഴി അയച്ചത്. കൈപ്പറ്റിയ ക്ഷണത്തില്‍ത്തന്നെ വിവരം നമ്മെ അറിയിച്ചു. പിറ്റേദിവസം 1086 ഇടവം 29-ന് (ഞായറാഴ്ച) മുടക്കുകല്പന സെമിനാരി ചാപ്പലില്‍ വെച്ച് വായിക്കപ്പെടുന്നതാണെന്ന് കേള്‍വി പൊങ്ങി. അതിനാല്‍ പ്രസ്തുത ദിവസം അതികാലത്ത് നാം എം.ഡി. യില്‍ നിന്ന് പഴയസെമിനാരിയിലേക്കായി ഇറങ്ങി. സെമിനാരിയില്‍ എത്തിയപ്പോള്‍ വിശുദ്ധ കുര്‍ബ്ബാനയാരംഭിക്കപ്പെട്ടിരുന്നു. ഔഗേന്‍ റമ്പാനാണ് കുര്‍ബ്ബാന ചൊല്ലിയിരുന്നത്. ചാപ്പല്‍ നിറയെ ജനങ്ങള്‍ കൂടിയിട്ടുണ്ട്. നാമും നമ്മോടുകൂടി വന്നവരും ചാപ്പലില്‍ പ്രവേശിച്ചു. അനന്തരം നാം മദ്ബഹായില്‍ കയറിയിട്ട് തെക്കുവശത്തായി നിന്നിരുന്ന കൂറിലോസ് മെത്രാപ്പോലീത്തായുടെ പുറകില്‍ നിലയായി. വടക്കുവശത്തു പാത്രിയര്‍ക്കീസ് ബാവായുടെ പിറകിലായിരുന്നു കോനാട്ടു മല്‍പാനച്ചന്‍ നിന്നിരുന്നത്. മദ്ബഹായിലും ആളുകള്‍ കുറവില്ലായിരുന്നു. 'ബസ്മല്ക്കാ'യുടെ നേരമായി, ക്രമാനുസരണം അതും ചൊല്ലിക്കഴിഞ്ഞു. മുടക്കുകല്പന വായിപ്പാനുള്ള ശ്രമമൊന്നും കാണപ്പെട്ടില്ല. അതിന്‍റെ കാരണം മറ്റൊന്നായിരുന്നുവെന്നു നമുക്ക് മനസ്സിലായി. 
മെത്രാപ്പോലീത്തായുടെ അനുകൂലികളായി ചാപ്പലില്‍ കൂടിയ ജനങ്ങളുടെ എണ്ണവും വണ്ണവും മറ്റും സെമിനാരിയുടെ രണ്ടാം നിലയിലിരുന്നു നോക്കിക്കണ്ട സി. ജെ. കുര്യന്‍ തെല്ലൊന്നു പരിഭ്രമിച്ചു. അതിനാല്‍ ഇന്നു 'മുടക്കു കല്പന വായിക്കേണ്ട' എന്നെഴുതിയ ഒരു കുറിപ്പ് അദ്ദേഹം കുര്‍ബാനമദ്ധ്യേ മദ്ബഹായില്‍ നിന്നിരുന്ന കോനാട്ട് മല്‍പ്പാനച്ചന് എത്തിച്ചു. മല്‍പ്പാനച്ചന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ചെവിയില്‍ എന്തോ മന്ത്രിക്കുന്നതായി നാമും കണ്ടതാണ്. മല്‍പ്പാനച്ചന്‍ പ്രസ്തുത കുറിപ്പ് വായിച്ചുകഴിഞ്ഞ ഉടന്‍ വലിച്ചുകീറി മദ്ബഹായില്‍ താഴെ ഇട്ടു. അനുക്ഷണം ശെമ്മാശ്ശന്മാരില്‍ ഒരാള്‍ അതെടുത്തു പള്ളിയില്‍ നിന്ന് പുറത്തുവന്നപ്പോള്‍ നമ്മെ ഏല്‍പ്പിച്ചു. ഇക്കാര്യം അപ്പോള്‍ത്തന്നെ പലര്‍ക്കും അറിയാന്‍ സംഗതിയായി. 
പഴയസെമിനാരി വക പല റിക്കാര്‍ഡുകളും നാം കൊണ്ടുപോയി എം.ഡി. സെമിനാരിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് എതിര്‍പക്ഷക്കാരുടെ ഇടയില്‍ സംസാരമുണ്ടായിരുന്നു. അക്കൂട്ടത്തില്‍ വട്ടിപ്പണത്തിന്‍റെ ആധാരവും ഉള്‍പ്പെട്ടിട്ടുണ്ടെന്നായിരുന്നു വര്‍ത്തമാനം. 
പ്രസ്തുത കുറിപ്പും റിക്കാര്‍ഡുകളും ആധാരവും എങ്ങനെയും നമ്മില്‍ നിന്ന് കടത്തിക്കൊണ്ടുപോകണമെന്ന് എതിര്‍പക്ഷക്കാര്‍ രഹസ്യമായി ആലോചിക്കുകയും പരിശ്രമിക്കുകയും ചെയ്തുവന്നിരുന്നു. അക്കാലത്ത് എം.ഡി. സെമിനാരിയില്‍ നമ്മുടെ ശിഷ്യനായി താമസിച്ചിരുന്ന ഒരു ശെമ്മാശ്ശന്‍ ഇക്കാര്യത്തില്‍ അവരുടെ ഒറ്റുകാരനായിരുന്നതായും നാം കേട്ടിട്ടുണ്ട്. ശെമ്മാശ്ശന്മാരുടെ വേഷത്തില്‍ വന്ന ചട്ടമ്പികള്‍ പെട്ടി തട്ടിയെടുത്തത് എന്തിനായിരുന്നുവെന്ന് ഇപ്പോള്‍ വിശദമായിരിക്കുമല്ലോ. 
ചട്ടമ്പികളുടെ അഹങ്കാരം
പഴയസെമിനാരിയുടെയും അതിന്‍റെ സ്വത്തിന്‍റെയും അധികാരികള്‍ തങ്ങളാണെന്ന് ഉറപ്പിക്കുവാനായിട്ടായിരുന്നുവല്ലോ ട്രസ്റ്റികള്‍ സമരിക്കേസിനു പുറപ്പെടുകയുണ്ടായത്. അക്കാലത്ത് നടന്ന വേറെ ഒന്നുരണ്ടു സംഭവങ്ങള്‍ കൂടി ഇവിടെ ചേര്‍ക്കേണ്ടതായ ആവശ്യമുണ്ട്. 
നമ്മോടു ചട്ടമ്പികള്‍ക്കുണ്ടായിരുന്ന വിരോധത്തിനു ലക്ഷ്യങ്ങളായി പലതും പറയാനുണ്ടായിരിക്കും. ഒരു ദിവസം നാം പതിവുപോലെ പഴയ സെമിനാരിയിലേക്ക് പോകുകയായിരുന്നു. അതിവര്‍ഷം നിമിത്തം വെള്ളപ്പൊക്കമുണ്ടായിരുന്നതിനാല്‍ ചുങ്കക്കടവു മുതല്‍ സെമിനാരി മുറ്റം വരെ വള്ളത്തിലായിരുന്നു പോകേണ്ടിയിരുന്നത്. നാമും നമ്മോടൊന്നിച്ചുണ്ടായിരുന്ന കെ. വി. ചാക്കോയും നമ്മുടെ അനുജനും (മത്തായി പണിക്കര്‍) വര്‍ക്കിപ്പിള്ളയും കൂടി ചുങ്കക്കടവില്‍ നിന്ന് വള്ളം കയറി. ഞങ്ങള്‍ സെമിനാരി ഗേറ്റിങ്കലടുത്തപ്പോള്‍ എതിരെ വരുന്നു നാലഞ്ചു ചട്ടമ്പികള്‍. നമ്മെ കാണുക ചതുര്‍ത്ഥിയായി കരുതിയിരുന്ന അവര്‍ ശകാരിക്കുകയും അസഭ്യവാക്കുകള്‍ പറയുകയും ചെയ്തു. അതൊന്നും പോരാഞ്ഞിട്ട് അവരില്‍ ഒരുത്തന്‍ അടുത്തുവന്ന് നമ്മുടെ ദേഹത്തില്‍ വെള്ളം തട്ടി ഒഴിച്ചു. കുപ്പായവും തൊപ്പിയും എല്ലാം നനഞ്ഞു. കൂടെയുള്ളവര്‍ക്ക് ഇത് സഹ്യമായില്ല. 'എന്തടാ!' എന്ന ഭാവത്തില്‍ ശുണ്ഠിപിടിച്ചുകൊണ്ട് അനുജന്‍ വള്ളത്തില്‍നിന്ന് പുറത്തുചാടാന്‍ ഒരുങ്ങുകയായിരുന്നു. അവന്‍റെ നിറവും കോലവും എല്ലാം മാറീട്ടുണ്ട്. കോപം വരുമ്പോള്‍ ഭവിഷ്യല്‍ഫലത്തെപ്പറ്റി സാധാരണന്മാര്‍ ഓര്‍മ്മിക്കാറില്ലല്ലോ. ചട്ടമ്പികളുടെ മുമ്പില്‍ മത്തായിപ്പണിക്കര്‍ വെറും ഒരു കൊതുകു മാത്രം. അവന്‍ വള്ളത്തില്‍ നിന്നു ചാടിയാല്‍ പിന്നത്തെ കഥയെപ്പറ്റി വിചാരിക്കുകയേ വയ്യ. ഇവയെല്ലാം മനസ്സില്‍ കണ്ടുകൊണ്ട് നാം പെട്ടെന്ന് പൊട്ടിച്ചിരിച്ചു. അനുജന്‍റെ കോപവും നിന്നു; ചാട്ടവും നിലച്ചു. ഞങ്ങള്‍ നേരെ സെമിനാരിയില്‍ പ്രവേശിക്കുകയും ചെയ്തു. 
ജീവന്‍ തുലാസില്‍
മറ്റൊരു ദിവസം രാത്രിയില്‍ നാം എം.ഡി. സെമിനാരി വക ബംഗ്ലാവിലെ വടക്കേ അറ്റത്തുള്ള വലിയ മുറിയില്‍ സുഖമായി കിടന്നുറങ്ങുകയായിരുന്നു. മുമ്പൊരു തവണ പെട്ടി മോഷണം പോയതില്‍ പിന്നെ ആരെങ്കിലും ഒരാളെ മുറിയില്‍ കിടത്തുക പതിവായിത്തീര്‍ന്നു. അന്ന് മുറിയില്‍ കിടന്നിരുന്നത് ഇപ്പോള്‍ കത്തനാരായി ബഥനിയില്‍ താമസിക്കുന്ന ചേപ്പാട്ട് പീലിപ്പോസ് ശെമ്മാശനായിരുന്നു. സ്കൂളിലുള്ള സര്‍വ്വരും നിദ്രയിലാണ്ടു കഴിഞ്ഞു. ഇലയനക്കംപോലും കേള്‍ക്കപ്പെടുന്നില്ല. പരിപൂര്‍ണ്ണമായ നിശ്ശബ്ദത. അടച്ചിരുന്ന ഒരു ജനലിന്‍റെ കൊളുത്ത് കമ്പി കടത്തി തുറന്ന് നാലഞ്ചു ഘാതകന്മാര്‍ അകത്ത് പ്രവേശിച്ചു. എല്ലാവരും സുഖമായി കിടന്നിരുന്ന നമ്മെ ആപാദചൂഡം ഒന്നു നോക്കി. ഒരാളുടെ പക്കല്‍ ഒന്നാന്തരം ഒരു വെട്ടുകത്തിയുണ്ട്. വേറൊരുത്തന്‍റെ കൈയില്‍ ഒരു ചാക്കുമുണ്ട്. നാം ഇതൊന്നും അറിയുന്നുമില്ല. കാണുന്നുമില്ല. നമ്മുടെ പ്രാണന്‍ അപ്പോള്‍ തുലാസില്‍ കിടന്നാടുകയാണ്. ഒരു വെട്ടിനു കഴുത്തും ഉടലും വേറെയാക്കുവാന്‍ അവര്‍ക്കു കിട്ടിയ ഒന്നാന്തരം അവസരം. സമീപത്തായി കിടന്നിരുന്ന ശെമ്മാശ്ശന്‍ ഉണരുന്നപക്ഷം, അയാള്‍ എന്നന്നേക്കും ഉണരാതിരിപ്പാനായി എന്താണ് കൊടുക്കേണ്ടതെന്ന് അവരെ ആരും പഠിപ്പിക്കണമെന്നില്ലല്ലോ. വെട്ടുകത്തി പിടിച്ചിരുന്ന ആള്‍ കുറെക്കൂടി നമ്മുടെ കട്ടിലിനോടടുത്തു. പ്രജ്ഞ വിട്ട് ഉറങ്ങിയിരുന്ന നമ്മുടെ കിടപ്പു കണ്ടിട്ട് ഒട്ടും അടക്കം വരാതെ അയാള്‍ "എന്താ കാച്ചുകയല്ലേ?" എന്ന ഭാവത്തില്‍ ചങ്ങാതികളെ വീക്ഷിച്ച് കൈപൊക്കി. അനുകൂലവും പ്രതികൂലവും പറയാതെ മറ്റുള്ളവര്‍ നില്‍ക്കുകയേ വേണ്ടിയിരുന്നുള്ളു. നിശ്ചയമായും അപ്പോള്‍ നമ്മുടെ മരണമാണ്! നശ്വരമായ സകലത്തിനോടുമുള്ള നമ്മുടെ ബന്ധം ആ മുഹൂര്‍ത്തത്തില്‍ അവസാനിക്കുമായിരുന്നു. കത്തി ഉയര്‍ത്തിപ്പിടിച്ചിരുന്നവനെ കൂട്ടുകാരന്‍ വിലക്കി. ഉണരുന്ന പക്ഷം ആകാമെന്ന് അവര്‍ അന്യോന്യം തീര്‍ച്ചപ്പെടുത്തി. രണ്ടുപേര്‍ നാം ഉണരുന്നുണ്ടോ എന്നു നോക്കിക്കൊണ്ട് സമീപെ നിന്നു. മറ്റുള്ളവര്‍ പെട്ടികള്‍, പുസ്തകങ്ങള്‍ മുതലായവ കൊണ്ടുപോയി കടത്തുകയുമായി (ഇതുവരെയുള്ള ഭാഗം ശത്രുപക്ഷത്തില്‍ നിന്നു തന്നേ നാം കേട്ടിട്ടുള്ളതാണ്). എങ്ങനെയോ ശെമ്മാശന്‍ ഉണര്‍ന്നുനോക്കിയപ്പോള്‍ രണ്ടുപേര്‍ കട്ടിലിനോടു ചേര്‍ന്നു നില്‍ക്കുന്നതും വേറെ ചിലര്‍ മുറിയിലുണ്ടായിരുന്ന സാമാനങ്ങള്‍ പുറത്തേക്കെടുത്തു കൊടുത്തിരുന്നതും കണ്ടു. അയാളുടെ തുറന്ന കണ്ണ് അക്ഷണത്തില്‍ അടഞ്ഞുപോകയാണ് ചെയ്തത്. നമ്മുടെ കഥ കഴിഞ്ഞിരിക്കണമെന്ന് അയാള്‍ തീര്‍ച്ചപ്പെടുത്തി. അര്‍ദ്ധരാത്രി നേരത്ത് ഇങ്ങനെയൊരു കാഴ്ച കണ്ടാല്‍ പെട്ടെന്ന് മോഹാലസ്യം ഉണ്ടാകുന്നതില്‍ അതിശയിപ്പാനില്ലല്ലോ. ജീവച്ഛവംപോലെ നിശ്ചലനായി അയാള്‍ അതേ കിടപ്പില്‍ കിടന്നു. ഭാഗ്യത്തിന് - എന്നുതന്നെ പറയട്ടെ - അയാള്‍ എണീറ്റുമില്ല; നിലവിളിച്ചുമില്ല. നിലവിളിക്കാന്‍ ശ്രമിച്ചിട്ട് ശബ്ദം പുറത്തേക്കുയര്‍ന്നില്ല. മരണഭീതി അയാളെ അപ്പോള്‍ മോഹാന്ധനാക്കി തീര്‍ക്കുകതന്നെ ചെയ്തു. "അയ്യോ" എന്ന് അയാള്‍ ശബ്ദിക്കുകയേ വേണ്ടിയിരുന്നുള്ളു. അയാളും നാമും ഒപ്പം ഇഹലോകവാസം വെടിയുമായിരുന്നു. ദൈവത്തിന്‍റെ അപാരമായ കൃപ ഒന്നല്ലാതെ മറ്റൊന്നുമല്ല, നമ്മെ അപ്പോള്‍ വെട്ടുകത്തിയുടെ വായില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഘാതകന്മാര്‍ എല്ലാവരും മുറിയില്‍ നിന്ന് കടന്നുകളഞ്ഞു എന്ന് ബോദ്ധ്യമായപ്പോള്‍ അതുവരെ ചീമ്പ്രക്കണ്ണിട്ടു നോക്കിയിരുന്ന ശെമ്മാശ്ശന്‍, ചാടിയെണീറ്റ് നമ്മെ വിളിച്ചുണര്‍ത്തി. നടന്നുകഴിഞ്ഞ സംഭവങ്ങള്‍ അയാള്‍ വിക്കി വിക്കി പറയാന്‍ തുടങ്ങി. സ്കൂള്‍ ബോര്‍ഡിങ്ങിന്‍റെ ഗൃഹവിചാരകനെ ഉദ്ദേശിച്ച് 'മാനേജര്‍' എന്നു വിളിച്ചു നാം അടുത്ത മുറിയുടെ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയാണ് ഉടന്‍ ചെയ്തത്. പുറത്തേക്കു കടക്കുവാനുള്ള വാതിലുകളൊന്നും തുറന്നിട്ടു കിട്ടുന്നുമില്ല. അയാള്‍ ജനല്‍വഴി പുറത്തേക്ക് ചാടി ഒരു വലിയ പെട്ടിയുമായി ഓടിയിരുന്നവനെ കണ്ടു. "പിടിയെടാ!" എന്നു നിലവിളിച്ചു കൊണ്ടൊരോട്ടം. ഏതാനും വാര ഓടിയപ്പോഴേയ്ക്കും ഘാതകന്മാര്‍ സുറിയാനി പുസ്തകങ്ങളിരുന്ന പെട്ടി നിലത്തിട്ടുംവച്ച് അതിശീഘ്രം കടന്നുകളഞ്ഞു. അപ്പോള്‍ അവരുടെ കൈവശം ഒരു കൈപ്പെട്ടിയുണ്ടായിരുന്നു. അതുംകൊണ്ട് അവര്‍ എം.ഡി. സെമിനാരിയുടെ വടക്കുവശത്തായി കീഴെയുള്ള റോഡു വഴി നാഗമ്പടം പാലം കടന്ന് ഓടി. പിറകെ 'കള്ളന്‍!' 'കള്ളന്‍!' എന്നു നിലവിളിച്ചുകൊണ്ട് മാനേജരും. അറത്തൂട്ടിപാലത്തിനടുത്തായപ്പോള്‍ ഘാതകന്മാരില്‍ ഒരാളെ മാനേജര്‍ക്കു പിടികിട്ടി. കള്ളനെ പിടിച്ചാല്‍ ഉടന്‍ ചെയ്യേണ്ടുന്ന സര്‍വ്വസാധാരണമായ പ്രയോഗത്തെപ്പറ്റിയൊന്നും അന്ന് മാനേജര്‍ക്ക് അറിയാന്‍ പാടില്ലായിരുന്നു. അതിനാല്‍ കള്ളനോടൊപ്പം മാനേജര്‍ വിറച്ചുതുടങ്ങി. നിന്നുകൊണ്ടു വിറയ്ക്കാനല്ലാതെ മറ്റൊന്നിനും മാനേജര്‍ പ്രാപ്തനല്ലെന്ന് അറിഞ്ഞ് കള്ളന്‍ അയാളെ എടുത്തുംകൊണ്ടൊരേറും കഴിച്ച് കുരിശുപള്ളിയുടെ സമീപത്തേക്കായി ഒരു പാച്ചില്‍. എവിടേക്ക് പോയോ, ഏതു വീട്ടില്‍ കയറിയോ - ആര്‍ക്കും നിശ്ചയമില്ല. മാനേജര്‍ മടങ്ങിവന്നു. മുറികളുടെ പുറത്തേക്കുള്ള വാതിലുകളെല്ലാം ബന്ധിച്ചിട്ടായിരുന്നു ഘാതകന്മാര്‍ അകത്തു കടന്നതെന്ന് പിന്നീടാണ് മനസ്സിലായത്. അന്ന് ശെമ്മാശ്ശനായി എം.ഡി. സെമിനാരിയില്‍ താമസിച്ചിരുന്ന വാളക്കുഴിയില്‍ ഫാദര്‍ യൗസേഫ് വാതില്‍ തുറന്നു തന്നപ്പോള്‍ മാത്രമേ നമുക്ക് പുറത്തേക്കിറങ്ങാന്‍ സാധിക്കുകയുണ്ടായുള്ളു. 
ഇത്തവണത്തെ മോഷണത്തിലും എതിര്‍പക്ഷക്കാര്‍ക്ക് (ചട്ടമ്പികള്‍ക്ക്) കാര്യമായ ഗുണമൊന്നും ലഭിക്കുവാന്‍ ഇടയായില്ല. പുസ്തകപ്പെട്ടി നമുക്ക് തിരിയെ കിട്ടി. അവര്‍ കൊണ്ടുപോയ പെട്ടി കാര്യമായ പെട്ടി അല്ലായിരുന്നു താനും. അതു വിലപിടിച്ച സാമാനങ്ങളൊന്നും സൂക്ഷിച്ചിട്ടില്ലാത്ത വെറും പെട്ടിയായിരുന്നു എന്നു വായനക്കാര്‍ ഓര്‍മ്മിക്കുമല്ലോ. 
നഷ്ടമൊന്നും ഉണ്ടായില്ലെങ്കിലും അന്നത്തെ ആ സംഭവം (നമ്മുടെ ജീവനെ ലക്ഷ്യംവച്ച് ചിലര്‍ ചെയ്ത വിക്രിയകള്‍) നമ്മെ ഇന്നും അനുസ്മരിപ്പിക്കുമാറുണ്ട്. എന്തിനായിട്ടോ, കുറെനാള്‍ ജീവിക്കുവാന്‍ ദൈവത്തില്‍ നിന്ന് അനുവാദം ലഭിച്ച ഒരു രാത്രിയായിരുന്നു അത് എന്ന് നമുക്കറിയാം. 
അശ്രുധാര
മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്താ തിരുമേനിയെ നമ്മെപ്പോലെ അടുത്തറിഞ്ഞിട്ടുള്ളവര്‍ വളരെ ദുര്‍ലഭമാണെന്നാണ് നമ്മുടെ വിശ്വാസം. വിശാലമായ അവിടുത്തെ ഹൃദയത്തേയും അനന്യസാധാരണമായ അവിടുത്തെ സഹിഷ്ണുതയേയും നമുക്ക് കുറെയൊക്കെ കാണുന്നതിനു സംഗതിയായിട്ടുണ്ട്. എന്തും സഹിക്കത്തക്ക ഉറപ്പുകൂടിയ നെഞ്ചും ഏതെല്ലാം കണ്ടാലും കേട്ടാലും അടയുകയോ കുലുങ്ങുകയോ ചെയ്യാത്ത കണ്ണും ചെവിയുമത്രേ ദൈവം അദ്ദേഹത്തിനു നല്‍കിയിട്ടുള്ളത്. ഗംഭീരഹൃദയനായ തിരുമേനിയുടെ അന്തര്‍ഭാഗത്തെ മാര്‍ദ്ദവവും നാം അറിഞ്ഞിട്ടുള്ളതാണ്. 
ഒരു ദിവസം തിരുമനസ്സുകൊണ്ട് ഒരു കൊച്ചുകുട്ടിയെപ്പോലെ പെട്ടെന്ന് കണ്ണീരൊഴുക്കുവാന്‍ തുടങ്ങി. അത്, തിരുമനസ്സിലെ ഹൃദയാന്തര്‍ഭാഗത്തൂടെ പിടിവരെ ഇറങ്ങിപ്പോയ കഠാരിക്കുത്തേറ്റപ്പോഴായിരുന്നുവെന്ന് ആരും അന്യഥാ ഊഹിക്കേണ്ടതില്ല. മുടക്കുകല്പന കൈവശം എത്തിച്ചേര്‍ന്ന ഉടന്‍, വിവരമറിഞ്ഞ് ഓടിയെത്തിയവരായ നമ്മെയും കെ. സി. മാമ്മന്‍ മാപ്പിള, കെ. വി. ചാക്കോ, എ. പീലിപ്പോസ് ആദിയായവരേയും പ്രസന്നമുഖനായി അവിടുന്ന് സാന്ത്വനപ്പെടുത്തുകയാണുണ്ടായിട്ടുള്ളത്. പരിഭ്രമത്തിന്‍റെയോ, ഭീതിയുടെയോ, നിരാശയുടെയോ, ദുഃഖത്തിന്‍റെയോ യാതൊരു ലാഞ്ഛനയും തിരുമേനിയില്‍ അപ്പോള്‍ ഞങ്ങളാരും കാണുകയുണ്ടായില്ല. അവിടുന്ന് കരഞ്ഞത് അപ്പോഴല്ല, മറ്റൊരിക്കലായിരുന്നു. സാധാരണക്കാര്‍ ആഹ്ലാദഭരിതരായിത്തീരാന്‍ ഇടയുള്ള ഒരു സന്ദര്‍ഭത്തിലായിരുന്നു അതെന്ന ഒരു പ്രത്യേക വിശേഷമാണ് അതിനുള്ളത്. 
തന്നെ മുടക്കിക്കളയുമെന്നു മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്ക് പരിപൂര്‍ണ്ണബോധ്യം ഉണ്ടായിരുന്നില്ലെങ്കിലും, നാമും മറ്റു ചിലരും അങ്ങനെയൊക്കെ വരാന്‍ ഇടയില്ലായ്കയില്ലെന്നു വിശ്വസിച്ചിരുന്നവരായിരുന്നു. പ്രത്യക്ഷത്തില്‍ സത്യത്തിനു വിരോധമായി, നീതിയെ അതിലംഘിച്ചും വിശുദ്ധ കാനോനാകളെ അവഗണിച്ചും അങ്ങനെ പ്രവര്‍ത്തിക്കുന്നപക്ഷം സമുദായത്തിന്‍റെ ഭാവി എങ്ങനെയായിത്തീരും എന്നു നാം ചിന്തിച്ചു വന്നു. അബ്ദേദ് മശിഹാ പാത്രിയര്‍ക്കീസ് ബാവാ തിരുമേനിയെപ്പറ്റി നാം അറിഞ്ഞിട്ടുണ്ട്. അബ്ദള്ളാ പാത്രിയര്‍ക്കീസ് ബാവാ മലയാളത്തു വന്നുചേര്‍ന്നതില്‍പ്പിന്നെ ഉണ്ടായ വിശേഷങ്ങളെക്കുറിച്ചും മെത്രാപ്പോലീത്തായോടുണ്ടായ വിരോധത്തിന്‍റെ കാരണത്തെ സംബന്ധിച്ചും ഒരുപക്ഷേ, മെത്രാപ്പോലീത്താ മുടക്കപ്പെട്ടേക്കുമെന്നതിനെപ്പറ്റിയും അബ്ദേദ് മശിഹാ പാത്രിയര്‍ക്കീസിന് എഴുതി അയയ്ക്കുന്നതു പലതുകൊണ്ടും നല്ലതാണെന്ന് നമുക്ക് തോന്നി. അബ്ദള്ളായുടെ ആഗമനാനന്തരം മലങ്കരയുണ്ടായിട്ടുള്ള കുഴപ്പങ്ങളെ വിവരിച്ചും, മുടക്കുണ്ടാകുന്നപക്ഷം അത് അക്രമമായി ചെയ്യപ്പെട്ടതുതന്നെ എന്നു മലങ്കരയിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും ബോദ്ധ്യപ്പെടാന്‍ സംഗതിയുള്ളതിനാല്‍ വലിയ ബഹളങ്ങള്‍ ഉണ്ടായേക്കാമെന്നും ആ ആപല്‍സന്ധിയില്‍ അവിടുന്ന് മലങ്കരസഭയെ പ്രത്യേകം കടാക്ഷിക്കണമെന്നും, ചിരകാലപ്രാര്‍ത്ഥിതമായ തിഗ്രീസ് കാതോലിക്കാ സിംഹാസനം മലങ്കരയില്‍ പ്രതിഷ്ഠിക്കണമെന്നാണ് പ്രാര്‍ത്ഥനയുള്ളതെന്നും, സൗകര്യമുള്ളപക്ഷം അവിടുന്ന് മലയാളത്തേക്ക് എഴുന്നള്ളിയേ മതിയാകയുള്ളുവെന്നും മറ്റും എഴുതിയ ഒരു ദീര്‍ഘമായ കത്ത് അദ്ദേഹത്തിന്‍റെ പേര്‍ക്കയച്ചു. ഇങ്ങനെ അയച്ച കത്തിനെപ്പറ്റി നാം ആരെയും അപ്പോള്‍ അറിയിച്ചിരുന്നില്ല. 
ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അബ്ദേദ് മശീഹാ ബാവായുടെ മറുപടി കിട്ടി. അതില്‍ ആശയ്ക്ക് ധാരാളം മാര്‍ഗ്ഗങ്ങള്‍ ഉള്ളതായും കാണപ്പെട്ടു. തല്‍ക്കാലം തോന്നിയ സന്തോഷംകൊണ്ട് നാം ഈ വിവരങ്ങള്‍ നമ്മുടെ സ്നേഹിതന്മാരായ പലരേയും അപ്പോള്‍ ഗ്രഹിപ്പിക്കയുണ്ടായി. അക്കാലത്ത് അബ്ദള്ളാ പാത്രിയര്‍ക്കീസ് ബാവായും മലങ്കര മെത്രാപ്പോലീത്തായും പഴയസെമിനാരിയില്‍ താമസിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം എങ്ങനെയോ അബ്ദേദ് മശീഹാ പാത്രിയര്‍ക്കീസ് ബാവായുമായി നടക്കുന്ന കത്തിടപാടുകളെപ്പറ്റി അബ്ദള്ളാ പാത്രിയര്‍ക്കീസ് ബാവാ കേള്‍ക്കുവാന്‍ ഇടയായി. ഒട്ടും കുലുങ്ങാത്ത അദ്ദേഹം പെട്ടെന്ന് കുലുങ്ങിപ്പോയത് അപ്പോഴായിരുന്നുവെന്നു പറയാം. തല്‍ക്ഷണം മലങ്കര മെത്രാപ്പോലീത്തായെ ആളയച്ചു വിളിപ്പിച്ചു. അദ്ദേഹം വന്നു മുമ്പില്‍ നിന്നപ്പോള്‍ കോപിച്ചും ശകാരിച്ചും അവിടുന്ന് ഇങ്ങനെ കല്‍പിക്കാന്‍ തുടങ്ങി. 
"അബ്ദേദ് മശീഹായുമായി കത്തിടപാടുകള്‍ ഉണ്ട്. ഇല്ലേ? അയാളെ മലയാളത്തിലേക്ക് വരുത്തുവാനായിരിക്കും?"
"ഞാനുമായി യാതൊരു എഴുത്തുകുത്തുമില്ല."
"അയാള്‍ ഇവിടെ വരികയോ! 10,000 ലീര (ഒരു വക നാണയം) ചെലവഴിച്ചാല്‍പ്പോലും ഒക്കുന്ന കാര്യമല്ല ഇത് എന്ന് നന്നായി മനസ്സിലാക്കിക്കൊള്ളുക. അയാള്‍ തടവിലാണ്."
മുടക്കുണ്ടായ ഉടനെ നാം ആ വിവരം കാണിച്ച് അബ്ദേദ് മശീഹാ പാത്രിയര്‍ക്കീസ് ബാവായുടെ പേര്‍ക്ക് കമ്പിയടിച്ചു. താമസിയാതെ ആശ്വാസകരമായ മറുപടിക്കല്പന വന്നു. അതിലെ വാചകം ഏകദേശം ഇതായിരുന്നുവെന്ന് തോന്നുന്നുണ്ട്. 
'ദീവന്നാസ്യോസും കൂടെയുള്ളവരും അനുഗൃഹീതരാകുന്നു. അബ്ദള്ളായുടെ മുടക്ക് അസാധുവായിട്ടുള്ളതത്രേ.'
കമ്പിയുമായി നാം തല്‍ക്ഷണം പഴയസെമിനാരിയിലെത്തി മെത്രാപ്പോലീത്തായെ വിവരം ഗ്രഹിപ്പിച്ചു. ഇവിടെനിന്ന് അങ്ങോട്ട് കമ്പിയടിച്ചിരുന്ന വിവരമേ അറിഞ്ഞിട്ടില്ലാതിരുന്ന മെത്രാപ്പോലീത്താ നമ്മുടെ പക്കല്‍ നിന്ന് ആ മറുപടിക്കമ്പി വാങ്ങി വായിച്ചു. അതാ, തിരുമനസ്സിലെ ഗണ്ഡതടങ്ങളിലൂടെ ഇരുകണ്ണുകളില്‍ നിന്നും കണ്ണുനീര്‍ അനര്‍ഗ്ഗളമായി പ്രവഹിക്കാന്‍ തുടങ്ങുന്നു!
വടി തട്ടിപ്പറിച്ചു
വേറൊരു ദിവസം (1087 മീനം 17 വെള്ളിയാഴ്ച) നാം ഒരു കുതിരവണ്ടിയില്‍ കയറി പഴയസെമിനാരിയിലേക്ക് പോവുകയായിരുന്നു. ഇപ്പോഴത്തെ ചെറിയമഠത്തില്‍ മൂപ്പച്ചന്‍ നമ്മോടുകൂടി വണ്ടിയില്‍ ഉണ്ട്. ഇദ്ദേഹം സമുദായവര്‍ത്തമാനങ്ങള്‍ അറിവാനായി നമ്മുടെ പക്കല്‍ എം.ഡി. സെമിനാരിയിലേക്ക് വന്നതായിരുന്നു. "പഴയസെമിനാരിയിലേക്ക് പോകാം; വലിയ തിരുമേനിയെ കാണാം" എന്നു പറഞ്ഞപ്പോള്‍ കൂടെ പോരുന്നുണ്ടെന്ന് പറഞ്ഞ് ഇദ്ദേഹവും വണ്ടിയില്‍ കയറി. ഞങ്ങള്‍ സെമിനാരിയില്‍ എത്തി. വലിയ തിരുമേനി പടിഞ്ഞാറെ കെട്ടിലുള്ള വടക്കേ മുറിയിലായിരുന്നു. ഞങ്ങള്‍ ഇരുവരും മുറിയില്‍ പ്രവേശിച്ചു തിരുമേനിയുമായി പല കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് നിന്നു. അപ്പോള്‍ ഒരു ചട്ടമ്പി തിളങ്ങുന്ന ഒരു പിച്ചാത്തിയുമായി സെമിനാരിയുടെ വടക്കേ മുറ്റത്തു നടക്കുന്നത് ഞങ്ങള്‍ ഇരുവരും ജനല്‍ വഴി കണ്ടു. തല്‍ക്ഷണം അച്ചന്‍ നമ്മുടെ അടുക്കലേക്ക് കുറെക്കൂടി അടുത്തുനിന്നുകൊണ്ട് 'കേട്ടോ! ഇവിടെ എന്തെങ്കിലും ഉടനെ ഉണ്ടായേക്കും', എന്ന് രഹസ്യമായും, തിരുമേനിയോടായി 'ഒരു വല്ലാത്ത ദുര്‍ഘടഘട്ടമാണിത്' എന്ന് പരസ്യമായും പറഞ്ഞു. സ്വല്പനേരം കഴിഞ്ഞ് ഞങ്ങള്‍ തിരിയെ മടങ്ങി. വണ്ടിയുടെ പിറകില്‍ ഞാനും, മുന്നില്‍ അച്ചനുമാണ് ഇരുന്നിരുന്നത്. ചുങ്കക്കടവിനു സമീപം ഞങ്ങള്‍ എത്തി. നേരം അപ്പോള്‍ സന്ധ്യ മയങ്ങിയിരുന്നു. ഓടിക്കൊണ്ടിരുന്ന കുതിര പെട്ടെന്നൊന്നു നിന്നു! കാരണമറിയാനായി നാം മുന്നോട്ടെത്തിനോക്കിയപ്പോള്‍ ചിലയാളുകള്‍ കുതിരയുടെ ജീനി പിടിച്ചു നില്‍ക്കുന്നതായി കണ്ടു. പിറകിലും കുറേപ്പേരുണ്ട്. എല്ലാവരും ചട്ടമ്പിമാര്‍ തന്നെ. 'ചുറ്റിപ്പോയല്ലോ!' എന്ന് നമ്മുടെ ഉള്ളം കലങ്ങി. ആ യമഘാതകന്മാര്‍ക്ക് നമ്മെ നല്ല തരത്തില്‍ കിട്ടിയിരിക്കയാണ്. എന്തു ചെയ്യണം? ഓടി ഒളിക്കാമോ? ബലം പരീക്ഷിക്കാമോ? രണ്ടും സാധ്യമല്ല. ഒരു കണക്കില്‍ നമുക്കുള്ള സര്‍വ്വധൈര്യത്തെയും കൂട്ടി ശേഖരിച്ചിട്ട് നാം ഉച്ചത്തില്‍ പറഞ്ഞു: 
"എടോ വണ്ടിക്കാരന്‍ വണ്ടി വിടൂ!" നമ്മുടെ ഈ ഓര്‍ഡര്‍ കാറ്റെടുത്തു പോകാന്‍ ഇടയായതല്ലാതെ വണ്ടിയും നീങ്ങിയില്ല; കുതിരയും നടന്നില്ല. 
"നിങ്ങള്‍ക്ക് വഴിയിലൂടെ പോകുന്നവരെ തടഞ്ഞുനിറുത്തുവാന്‍ എന്തധികാരം? മര്യാദയാണോ ഇത്? വിടൂ, കുതിരയെ. ഞങ്ങള്‍ പോകട്ടെ."
വണ്ടിയുടെ മുമ്പിലും പിറകിലും നിന്നിരുന്നവര്‍ ഹാസ്യരൂപത്തില്‍ ഒന്നു ചിരിക്കുക മാത്രം ചെയ്തു. അക്കൂട്ടത്തില്‍ കൊലക്കേസ് സംബന്ധമായി ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട 'കമാല്‍ദീന്‍' ഉണ്ടായിരുന്നുവെന്നാണ് പിന്നാലെ കേട്ടത്. 
"ഇതെന്താണ്, വണ്ടി തടയുന്നത്?"
"ഇറങ്ങണം വണ്ടിയില്‍ നിന്ന് പുറത്ത്!"
"എന്തിനായിട്ട്?" 
"ആകട്ടെ, ഉടുപ്പഴിക്കണം."
"എന്ത്! ഞാനതിനു തയ്യാറില്ല."
ഒരാള്‍ മുന്നില്‍ കടന്നുവന്ന് ചെറിയമഠത്തില്‍ മൂപ്പച്ചനെ ദൃഷ്ടി പതിപ്പിച്ചൊന്നു നോക്കി. ഇയാള്‍ നാട്ടകം ചെറിയാനായിരുന്നുവെന്ന് പിന്നീട് അച്ചന്‍ നമ്മോട് പറയുകയുണ്ടായി. ചെറിയാന്‍ അടുത്തുനിന്നിരുന്ന ഒരാളെ പിറകോട്ട് തോണ്ടി വിളിച്ചു. അപ്പോഴേക്കും വേറെയൊരാള്‍ പിന്നില്‍ വന്നു നമ്മുടെ കൈയിലുണ്ടായിരുന്ന വടിമേല്‍ പിടികൂടി. ബലാബലം പരീക്ഷിക്കാന്‍ ഒരുമ്പെടാതെ നാം വടിയങ്ങ് വിട്ടു. 
"മതിയെടാ, ഇനിയും പൊയ്ക്കൊള്ളട്ടെ" എന്നു പറഞ്ഞ് ആ ആള്‍ വടികൊണ്ട് വണ്ടിയുടെ പുറത്ത് അടിച്ചു. അനന്തരം വണ്ടിയും നീങ്ങി. കഷ്ടിച്ച് അര മണിക്കൂര്‍ കഴിഞ്ഞതിനുശേഷമേ അച്ചനും നാമും തമ്മില്‍ സംസാരിക്കയുണ്ടായുള്ളു. 
നാം വടി വിട്ടുകൊടുക്കാതിരുന്നുവെങ്കില്‍ അവിടെ എന്താണ് നടക്കുമായിരുന്നതെന്ന് വായനക്കാര്‍ക്ക് ഊഹിക്കാവുന്നതാണ്. മൂപ്പച്ചന്‍ കൂടെയുണ്ടായത് വളരെ സഹായമായി എന്ന് നമുക്ക് തോന്നി. പ്രസ്തുത ചട്ടമ്പിമാരോടോ അവരുടെ പൂര്‍വ്വികന്മാരോടോ നാം വല്ല ദ്രോഹവും ചെയ്തിരുന്നുവോ - ഇല്ല, ഒരിക്കലുമില്ല. പക്ഷേ, അവരില്‍ നിന്ന് കൂടെക്കൂടെ ഇങ്ങനെയുള്ള പീഡകള്‍ അനുഭവിപ്പാന്‍ നാം ബന്ധിതന്‍ തന്നെ എന്ന് നമുക്ക് ബോദ്ധ്യമുണ്ട്. ദൈവത്തേക്കാള്‍ കൂടുതലായി നമുക്ക് സമുദായത്തെ സ്നേഹിപ്പാന്‍ പാടുള്ളതല്ലല്ലോ. 
'ആനപ്പാപ്പിയുടെ' മരണം
മുടക്കുണ്ടായപ്പോഴെന്നല്ല, അതിനു മുമ്പും, പഴയസെമിനാരി സമരിക്കേസ് ഉണ്ടായ നിമിഷം മുതല്‍ തന്നെ പഴയസെമിനാരിയിലെ പ്രശാന്തത ഭഞ്ജിക്കപ്പെട്ടു കഴിഞ്ഞുവെന്നു പറയാം. അനുക്രമം അതൊരു ചെറിയ പോര്‍ക്കളത്തിന്‍റെ ഛായയെ പ്രാപിച്ചു. അക്രമികള്‍, ആഭാസന്മാര്‍, പൊതുജനദ്രോഹികള്‍ എന്നിവരുടെ നിലയമായിത്തീര്‍ന്നു പഴയസെമിനാരി. അതിന്‍റെ കൈവശം തനിക്കാണെന്ന് വരുത്താന്‍ മലങ്കര മെത്രാപ്പോലീത്തായും, അതല്ല തങ്ങള്‍ക്കാണെന്ന് സ്ഥാപിക്കാന്‍ ട്രസ്റ്റികളും ശ്രമം തുടങ്ങി. ഇതിലേക്കായി ട്രസ്റ്റികളാല്‍ നിയുക്തരായ ചട്ടമ്പിവര്‍ഗ്ഗം ഒരു പക്ഷത്തില്‍; അവരില്‍ നിന്നും മെത്രാപ്പോലീത്തായ്ക്ക് ആപത്തൊന്നും ഉണ്ടാവാന്‍ ഇടയാവരുതെന്ന ഉദ്ദേശ്യത്തോടുകൂടി ദേഹരക്ഷാര്‍ത്ഥം നിയമിക്കപ്പെട്ട കൂട്ടര്‍ വേറെ. അക്കാലത്ത് സെമിനാരിയില്‍ ചെന്നാല്‍ മടങ്ങുന്നതുവരെയും എന്താണുണ്ടാവുക എന്ന് ഭയപ്പെടേണ്ടിയിരുന്നു. തന്‍റേടവും മര്യാദയും അങ്ങാടി മരുന്നോ കാട്ടുമരുന്നോ എന്നുപോലും സംശയിച്ചിരുന്ന വര്‍ഗ്ഗക്കാരെക്കൊണ്ട് വേണ്ടിയിരുന്നു അന്ന് മലങ്കരസഭയുടെ ക്ഷേമത്തെ പാലിക്കുവാന്‍ എന്നു മാന്യസുഹൃത്തുക്കളെ എങ്ങനെയാണ് ഗ്രഹിപ്പിക്കുക! 
വിഭിന്നങ്ങളായ ഉദ്ദേശ്യങ്ങളോടുകൂടി നിയമിതരായ ഇപ്പറഞ്ഞ രണ്ടു കൂട്ടരും തമ്മില്‍ ഒരു തരത്തിലും സൗഹാര്‍ദ്ദം ഉണ്ടായിരുന്നില്ലെന്ന് വിശേഷിച്ചു പറയേണ്ടതില്ലല്ലോ. മെത്രാപ്പോലീത്തായുടെ അംഗരക്ഷകരില്‍ ഒരാള്‍ ആറ്റുപുറത്തു പാപ്പിയായിരുന്നു. 'ആനപ്പാപ്പി' എന്ന പേരില്‍ അറിയപ്പെടുന്ന ഇവനെ നമ്മുടെ എഴുത്തനുസരിച്ച് തിരുവല്ലായില്‍ നിന്ന് (87 മീനം 18-ന് ശനിയാഴ്ച) കെ. എം. മാമ്മന്‍ മാപ്പിള അയച്ചുതന്നതായിരുന്നു. എന്തിനായി അവന്‍ നിയമിക്കപ്പെട്ടുവോ അതില്‍ അവന്‍ ബദ്ധശ്രദ്ധനായിരുന്നുവെന്ന് പറയാം. ആനപ്പാപ്പിയുടെ വരവ് ചട്ടമ്പികള്‍ക്ക് ഒട്ടുംതന്നെ സുഖകരമായില്ല. അവരുടെ ദുരുദ്ദേശ്യങ്ങള്‍ക്ക് പാപ്പി തടസ്സക്കാരനാണെന്നും അവനോടെതിരിട്ടാല്‍ കുഴപ്പമാണെന്നും അവര്‍ മനസ്സിലാക്കി. ദീര്‍ഘകായനായിരുന്നില്ലെങ്കിലും തടിച്ച് പനംകുറ്റിപോലെ ഇരുന്നിരുന്ന അവന്‍ ഭാവം മാറി ഒന്നു നോക്കിയാല്‍ ചട്ടമ്പികള്‍ ഉടന്‍ തലകുനിക്കുകയായി. സ്വവര്‍ഗത്തിന്‍റെ മേധാവിയായ പാപ്പിയും, ചട്ടമ്പികളും തമ്മില്‍ അന്യോന്യം പൊരുത്തമില്ലാതെതന്നെ കഴിഞ്ഞുകൂടിപ്പോന്നു. പൊട്ടാസും മനയോലയും ചേര്‍ത്ത് വെയിലത്ത് വെച്ചാലെന്നപോലെ എപ്പോഴാണ് തീ പുറപ്പെടുക എന്ന് ഏവരും ഭയപ്പെട്ടിരുന്ന ഒരു അവസരമായിരുന്നു അത്. 
ഒരു ദിവസം എം.ഡി. സെമിനാരിയില്‍ ഇരിക്കുമ്പോള്‍ 'ആനപ്പാപ്പിയെ അതാ തല്ലിക്കൊന്ന് ആശുപത്രിയില്‍ കൊണ്ടുവന്നിരിക്കുന്നു' എന്ന് ഒരാള്‍ പറഞ്ഞതുകേട്ട് നാം പെട്ടെന്ന് ഞെട്ടിത്തെറിക്കുക തന്നെ ചെയ്തു. എപ്പോള്‍ മരിച്ചു. മരണകാരണം എന്ത് എന്നൊന്നും അപ്പോള്‍ അന്വേഷിക്കാന്‍ നില്‍ക്കാതെ നാം ക്ഷണം ആശുപത്രിയിലേക്കായി നടന്നു. നമ്മോടുകൂടി മാമ്മന്‍ മാപ്പിളയുടെ അനുജനായ കെ. സി മാത്യുവും ഉണ്ടായിരുന്നു. ഞങ്ങള്‍ ഇരുവരും കൂടി ആശുപത്രിയിലേക്ക് പോയി. പാപ്പി അന്ന് മരിച്ചില്ലെങ്കിലും അത്യാസന്നസ്ഥിതിയില്‍ കിടന്നിരുന്നു. പിറ്റെദിവസം 87 മീനം 19-ാം തീയതി രാത്രി മൂന്നുമണിക്ക് അവന്‍ മരിച്ചുപോയി. അനന്തരം പാപ്പിയുടെ ശവം പോസ്റ്റുമാര്‍ട്ടം ചെയ്യാന്‍ തുടങ്ങി. ഡോക്ടറുടെ അനുമതിയോടുകൂടി നാമും കൂടെയുള്ള ആളും ശവം കിടത്തിയിരുന്ന മുറിയിലേക്ക് പ്രവേശിച്ചു. ശവം കീറിത്തുടങ്ങി. തലയുടെ തൊലി ഉരിച്ചപ്പോള്‍ തലയോട് പത്ത് പതിമൂന്ന് കഷണങ്ങളായി പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു എന്ന് മനസ്സിലായി. അടികള്‍ മുഴുവനും തലയ്ക്കുതന്നെ ആയിരിക്കണം. പോസ്റ്റുമോര്‍ട്ടത്തിനുശേഷം യഥാവിധി, സംസ്കാരക്രമം നടത്തി (കോട്ടയം പുത്തന്‍പള്ളി സെമിത്തേരിയില്‍ - ഗ്രന്ഥകാരന്‍). മലങ്കര സുറിയാനി സമുദായത്തിലെ ദ്വന്ദ്വയുദ്ധങ്ങള്‍, തമ്മില്‍തമ്മിലുണ്ടായിരുന്ന തൊഴുത്തില്‍ക്കുത്ത്, അനര്‍ഹമായ വ്യാമോഹം, സ്വാര്‍ത്ഥപരമായ അഭിവാഞ്ഛ എന്നിവയെല്ലാം കൂടി ഒടുവില്‍ പഴയസെമിനാരിയുടെ മുറ്റത്തെ രക്തംകൊണ്ടു കുളിപ്പിച്ചല്ലോ എന്നു നാം വിഷാദിച്ചു. സാമുദായികമായ ദുരഭിമാനവും വാശിയും കൊലപാതകത്തിലേക്കു തന്നെ മനുഷ്യരെ ഇറക്കിവിട്ടു കളഞ്ഞു. 
അങ്ങനെയൊരു കൊലപാതകം അവിടെ നടന്നില്ലായിരുന്നുവെങ്കില്‍ എന്നത്രേ വായനക്കാര്‍ ഇപ്പോള്‍ ആലോചിച്ചു നോക്കേണ്ടിയിരിക്കുന്നത്. ഭയങ്കരങ്ങളും അനിര്‍വാച്യങ്ങളുമായ പലതും അവിടെ സംഭവിക്കാന്‍ ഇടയുണ്ടായിരുന്നു. പഴയസെമിനാരിയുടെ മുറ്റം മനുഷ്യരക്തം കുടിച്ചതിനാല്‍ മാത്രം പിന്നെയൊന്നും അവിടെ നടന്നില്ല. സുറിയാനി സമുദായത്തിനു കുറെ കാലമായി ഉണ്ടായിരുന്ന ദാഹം അതിനായിരുന്നു എന്ന് ഏവര്‍ക്കും ബോദ്ധ്യമായി. സ്വസമുദായത്തിന്‍റെ ഈയൊരു ദാഹശമനം ഏതൊന്നിന്‍റെ അത്യുച്ചത്തെയാണ് സൂക്ഷ്മപ്പെടുത്തുന്നതെന്നു പറയണമോ? ദൈവഭയമില്ലായ്മയുടെയും ദൈവസ്നേഹമില്ലായ്മയുടെയും തന്നെ. ഇവ രണ്ടിന്‍റെയും അഭാവം പാപ്പിയുടെ തലയെ പതിമൂന്നു കഷണങ്ങളാക്കിത്തീര്‍ത്തു. അവന്‍റെ രക്തം സമുദായമാകവേ തളിക്കപ്പെടുകയും ചെയ്തു. എന്നിട്ടും അനേകംപേര്‍ക്കും പശ്ചാത്താപം ഉണ്ടാകാത്തതിന്‍റെ കാരണമെന്ത്? 
അബ്ദേദ് മ്ശീഹോ ബാവാ
ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ പക്ഷക്കാര്‍ അബ്ദേദ് മ്ശീഹോ പാത്രിയര്‍ക്കീസിനെ മലയാളത്തേക്കു വരുത്തിയാല്‍ പല അനര്‍ത്ഥങ്ങള്‍ ഉണ്ടായേക്കുമല്ലോ എന്നു കരുതി അബ്ദള്ളാ ബാവാ ചെയ്ത ചില പ്രയോഗങ്ങള്‍ രസാവഹങ്ങളാണ്. അബ്ദേദ് മ്ശീഹോ പാത്രിയര്‍ക്കീസും എതിര്‍കക്ഷിയും തമ്മില്‍ കത്തിടപാടുകള്‍ നടത്തുന്നുണ്ടെന്നറിഞ്ഞയുടന്‍ അബ്ദുള്ളാ മിദിയാത്തിലുള്ള തന്‍റെ സ്നേഹിതന്മാര്‍ക്കായി അബ്ദേദ് മ്ശീഹോയെ ഒരിക്കലും മലയാളത്തേക്ക് അയയ്ക്കരുതെന്ന് എഴുതി അയച്ചു. കത്തു കിട്ടിയ ക്ഷണത്തില്‍ അവരുടെ പ്രേരണയില്‍ തദ്ദേശപ്രധാനന്മാരായ മുസല്‍മാന്മാര്‍ അബ്ദേദ് മ്ശീഹോ ബാവായുടെ അടുത്തുചെന്ന്, 'ഇവിടെത്തന്നെ താമസിക്കണം എങ്ങും പോകരുത്!' എന്നു വിലക്കി.
"നിങ്ങള്‍ ഒരാളോട് ഒരു വാക്കു പറഞ്ഞാല്‍ അതിനു ഭേതം ചെയ്യുമോ?"
"ഇല്ല."
"ഞാന്‍ ചെയ്യാമോ?"
"പാടില്ല."
"ഞാന്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ പേര്‍ക്കു മറുപടി അയച്ചിട്ടുണ്ട്. അതില്‍, വഴിയാത്രാച്ചെലവിനുള്ള പണം അയച്ചുതന്നാല്‍ കണിശമായും വരാമെന്നാണ് എഴുതിയിട്ടുള്ളത്. ദീവന്നാസ്യോസ് പണം അയച്ചുതന്നിരിക്കുന്നു. ഇതാ!" (എന്നു പറഞ്ഞ് കുറെ പവന്‍ എടുത്തു കാണിച്ചു).
"ഇഷ്ടംപോലെ ആയിക്കൊള്ളണം. ഞങ്ങളൊന്നും പറയുന്നില്ല" എന്നു പറഞ്ഞ് അവര്‍ മടങ്ങി. ബാവാ പിന്നെയൊട്ടും താമസിയാതെ മിദിയാത്തില്‍ നിന്നു മലയാളത്തേക്ക് മൂന്നു റമ്പാന്മാരൊന്നിച്ചു യാത്ര പുറപ്പെട്ടു. 
ബാവാ കപ്പല്‍വഴി കറാച്ചിയിലിറങ്ങി. അവിടെനിന്നും തീവണ്ടിമാര്‍ഗ്ഗം ബോംബെയിലെത്തി. ഈ വിവരത്തിനു കമ്പി കിട്ടിയപ്പോള്‍ നാം എന്‍. ഐ. പോത്തനേയും കൂട്ടി ബോംബെയില്‍ ചെന്ന് ബാവാ തിരുമേനിയെ ഇങ്ങോട്ടു കൊണ്ടുപോന്നു. ആദ്യമായി (87 മിഥുനം 1) ആര്‍ത്താറ്റു-കുന്നംകുളം പള്ളിയിലായിരുന്നു എത്തിയത്. ആ വിവരത്തിനു നാം മുമ്പുകൂട്ടി എം. എ. ചാക്കോയുടെ പേര്‍ക്കും പുലിക്കോട്ടില്‍ യൗസേപ്പ് ശെമ്മാശ്ശന്‍റെ പേര്‍ക്കും കമ്പി കൊടുത്തിരുന്നു. സ്വല്പദിവസം അവിടെ താമസിച്ചശേഷം അവിടെനിന്നും കൊച്ചിയിലെത്തി. വിശ്രമാര്‍ത്ഥം ഗസ്റ്റ്ഹൗസില്‍ താമസമായി. മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അപ്പോഴേക്കും അവിടെ വന്നുചേര്‍ന്നിരുന്നു. അക്കാലത്ത് അയ്യപ്പന്‍പിള്ളയായിരുന്നു കോട്ടയം പേഷ്ക്കാര്‍. എതിരാളികളുടെ പ്രേരണയാല്‍, കോട്ടയത്തേക്കു വരുന്നപക്ഷം പല കലാപങ്ങളുമുണ്ടാകുമെന്നറിയുന്നുവെന്നു ബാവായുടെ പേര്‍ക്കും, കൊച്ചിയില്‍ പ്രവേശിക്കുമ്പോള്‍ സൂക്ഷിക്കണമെന്നു കൊച്ചി പോലീസ് സൂപ്രണ്ടിന്‍റെ പേര്‍ക്കും കമ്പികളയച്ചുവെന്ന കാര്യം ഇവിടെ സ്മര്‍ത്തവ്യമത്രെ. ഇതൊക്കെ കേള്‍ക്കാന്‍ ഇടയായതില്‍ സ്വല്പം വിഷമം തോന്നിയിട്ട് മെത്രാപ്പോലീത്തായോടായി "നാം വന്ന കാര്യം ഉടനെ സാധിക്കട്ടെ, കാതോലിക്കാ വാഴ്ച കഴിഞ്ഞിട്ട് നമുക്കാശ്വസിക്കാം" എന്ന് പറഞ്ഞു (87 മിഥുനം 12).
കാതോലിക്കാ വാഴ്ച 
അബ്ദേദ് മ്ശീഹോ പാത്രിയര്‍ക്കീസുബാവാ മലയാളത്തിലേക്കു പുറ പ്പെടുന്നതിനു മുമ്പ് അദ്ദേഹവും നാമും തമ്മില്‍ പല കത്തിടപാടുകളും നടന്നിരുന്നു. മലങ്കരസഭയുടെ സുസ്ഥിരമായ നിലനില്‍പിനും അഭിവൃദ്ധിക്കും കാതോലിക്കാ സിംഹാസനപ്രതിഷ്ഠ അത്യാവശ്യമാണെന്നു നാം നമ്മുടെ ആ കത്തുകളില്‍ വ്യക്തമായിത്തന്നെ കാണിക്കുകയുണ്ടായിട്ടുണ്ട്. ആ ഏക കാര്യം സാധിച്ചുതരേണ്ടതിനായി അവിടുന്ന് ഇങ്ങോട്ട് എഴുന്നള്ളണമെന്നായിരുന്നു അവയുടെയെല്ലാം സംക്ഷേപവും. ഇങ്ങോട്ടു ലഭിച്ച മറുപടികളില്‍ നമ്മുടെ അഭീഷ്ടത്തെ മുഴുവനും നിറവേറ്റുവാന്‍ അവിടുന്നു സന്നദ്ധനാണെന്നല്ലാതെ അപ്രിയമായോ പ്രതികൂലമായോ യാതൊന്നും തന്നെ എഴുതപ്പെട്ടിരുന്നുമില്ല. അദ്ദേഹം മലങ്കരയില്‍ എത്തിയതിന്‍റെ ശേഷവും ഈ ഒരു അപേക്ഷയെത്തന്നെ നാം ആവര്‍ത്തിച്ചു പറഞ്ഞുവന്നു. അപ്പോഴൊക്കെയും സന്തോഷവും സംതൃപ്തിയും തന്നെയാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അതിനാല്‍ മലങ്കര മെത്രാപ്പോലീത്തായുടെയും സ്വപക്ഷത്തുള്ള മേല്‍പട്ടക്കാരുടെയും ജനങ്ങളുടേയും അഭിമതമനുസരിച്ച് പൗരസ്ത്യ കാതോലിക്കായായി കണ്ടനാട്ടു ഭദ്രാസന ഇടവകയുടെ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായെ തെരഞ്ഞെടുത്തു. നിരണത്തുവച്ച് ഇത്രാം തീയതി കാതോലിക്കാ വാഴ്ച നടത്തപ്പെടുന്നതായിരിക്കുമെന്ന് കല്പനകള്‍ വഴിയായും വര്‍ത്തമാനപ്പത്രങ്ങള്‍ മാര്‍ഗ്ഗമായും പരസ്യപ്പെടുത്തുകയും ചെയ്തു. 
നിശ്ചിത ദിവസം (88 ചിങ്ങം 31-നു ഞായര്‍) പ്രഭാതത്തോടുകൂടിയാണ് നാം നിരണത്തു പള്ളിയില്‍ ചെന്നുചേര്‍ന്നത്. അവിടെ അപ്പോള്‍ പാത്രിയര്‍ക്കീസു ബാവായും അദ്ദേഹത്തോടൊന്നിച്ചു വന്നവരായ ശീമ റമ്പാന്മാരും, മെത്രാപ്പോലീത്താമാരും ഔഗേന്‍ റമ്പാനും അനേകം പട്ടക്കാരും ജനങ്ങളും കൂടിയിരുന്നു. ആദ്യമായി നാം മലങ്കര മെത്രാപ്പോലീത്തായുടെ അടുക്കല്‍ ചെന്നു കൈമുത്തി. അപ്പോള്‍ തിരുമേനിയില്‍ നിന്നു കേള്‍ക്കാന്‍ ഇടയായ വര്‍ത്തമാനം നമ്മെ വല്ലാതെ വിഷമിപ്പിക്കുകയും, വേദനപ്പെടുത്തുകയും ചെയ്തു. കാതോലിക്കാസ്ഥാനം നല്‍കുന്നതില്‍ ബാവാ വൈമുഖ്യം പ്രദര്‍ശിപ്പിച്ചിരിക്കുന്നുപോല്‍. പള്ളിയിലേക്ക് ഇറങ്ങാന്‍പോലും മനസ്സില്ലാതെ അദ്ദേഹം കതകടച്ചു മുറിയില്‍ ഇരിക്കയാണത്രെ. മലങ്കര മെത്രാപ്പോലീത്താ തിരുമേനിയും മറ്റുള്ളവരും എത്രതന്നെ അപേക്ഷിക്കുകയും നിര്‍ബന്ധിക്കുകയും ചെയ്തിട്ടും ബാവാ കല്പിച്ചതു തന്നെ കല്പിച്ചുകൊണ്ടിരിപ്പാണെന്നും പറഞ്ഞുകേട്ടു. നാം നേരെ ചെന്നു ബാവായുടെ കതകിനു മുട്ടി. തല്‍ക്ഷണം അതു തുറക്കുകയാല്‍ അകത്തു പ്രവേശിച്ചശേഷം നാം കതകടച്ചു. 
"എന്താണീ കേള്‍ക്കുന്നത്? ഇതില്‍പ്പരം ഒരു അപമാനം വരുവാനില്ലല്ലോ. മേലില്‍ അവിടുത്തെ കല്പനകളെ ജനങ്ങള്‍ വിശ്വസിക്കുമോ? അവിടുത്തെ പേരില്‍ അവര്‍ക്കു സ്നേഹവും ഭക്തിയും തോന്നുമോ? ഞങ്ങള്‍ക്കു കാതോലിക്കാ സിംഹാസനം പ്രതിഷ്ഠിച്ചു തരികയാണു വേണ്ടതെന്ന് ഇന്നല്ലല്ലോ അവര്‍ അപേക്ഷിക്കാന്‍ തുടങ്ങിയത്. തിരുമനസ്സിലെ പേര്‍ക്കു ഞാന്‍ ഒന്നാമതായി അയച്ച കത്തില്‍പ്പോലും ഇതിനെക്കുറിച്ച് അപേക്ഷിച്ചിരുന്നല്ലോ? അതില്‍ പിന്നെ എല്ലാ കത്തുകളിലും ഇതു തന്നെയല്ലയോ ഞാന്‍ കാണിച്ചിരുന്നത്? അവിടുന്നയച്ചിരുന്ന എല്ലാ കല്പനകളിലും അതിനനുകൂലമായിത്തന്നെ അവിടുന്നു പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ടല്ലോ? ഇവിടെ വന്നതിനുശേഷവും ഞാനും മെത്രാപ്പോലീത്താമാരും ഇതു തന്നെയല്ലയോ അപേക്ഷിച്ചിരുന്നത്? ഈ മുഹൂര്‍ത്തം വരെയും അവിടുന്നു യാതൊരു അപ്രിയവും പ്രദര്‍ശിപ്പിക്കാതെ ഇപ്പോഴെന്താണ് ഇങ്ങനെ കല്പിക്കാന്‍ തുടങ്ങുന്നതെന്നു മനസ്സിലാകുന്നില്ല."
"നമ്മുടെ വാത്സല്യമകനെ, നാം എന്താണു ചെയ്യുക? കാതോലിക്കാ സ്ഥാപന പ്രതിഷ്ഠയില്‍ നമ്മെ സംബന്ധിച്ചിടത്തോളം യാതൊരു വിസമ്മതവുമില്ല. അങ്ങനെ തെറ്റിദ്ധരിക്കരുത്."
"എന്നാല്‍ പള്ളിയിലേക്കിറങ്ങാം."
"വരട്ടെ നാം മുഴുവനും പറഞ്ഞവസാനിപ്പിച്ചില്ലല്ലോ. നമ്മുടെ സ്വരാജ്യക്കാര്‍ക്കു നമ്മുടെ ആ പ്രവൃത്തി ഒട്ടുംതന്നെ തൃപ്തികരമായിരിക്കയില്ല. അങ്ങനെയിരിക്കാനാണ് ഇടയുള്ളതെന്ന് തോന്നുന്നില്ലേ? നിശ്ചയമായും അവര്‍ക്കു വലിയ അനിഷ്ടമായ ഒന്നായിരിക്കും അത്. അതിനെപ്പറ്റി നാം കാര്യമായി ഗൗനിക്കേണ്ടതല്ലയോ?"
"അവര്‍ക്ക് ഇഷ്ടമോ അനിഷ്ടമോ എന്തെങ്കിലുമാവട്ടെ. അവിടുന്നു ഞങ്ങളുടെ മുട്ടിപ്പായ അപേക്ഷയെ സാധിപ്പിച്ചു തരണം!"
"നമുക്കു യാതൊരു വിരോധവുമില്ല. നാം കുറേക്കൂടി തെളിവായി പറഞ്ഞുകൊള്ളട്ടെയോ? നമ്മുടെ കൂടെ വന്നിട്ടുള്ള റമ്പാന്മാരില്‍ രണ്ടുപേരും ഇക്കാര്യത്തില്‍ വിരോധാഭിപ്രായക്കാരാണ്. അതു നമുക്കു പ്രത്യക്ഷമായിരിക്കുന്നു ഇപ്പോള്‍. അവരുടെ വാക്കിനെ അവഗണിച്ച് പ്രവര്‍ത്തിക്കുന്നപക്ഷം പോകുന്നവഴിക്ക് അവര്‍ നമ്മെ കപ്പലില്‍നിന്നു കടലിലേക്കെടുത്തെറിയും എന്ന് ഇന്നലെ രാത്രി പറഞ്ഞിരിക്കുന്നു. എന്തൊരു വലിയ ആപത്താണു നമുക്കു നേരിട്ടിരിക്കുന്നതെന്നു നമ്മുടെ മകന്‍ കണ്ടുവോ?" 
"ഈ റമ്പാന്മാരെ അവിടുന്നു ഭയപ്പെടുകയോ? യാതൊരാവശ്യവുമില്ല. അവര്‍ വിചാരിച്ചാല്‍ ഒന്നും നടക്കുകയില്ല."
"ഇങ്ങനെ പറഞ്ഞതുകൊണ്ടു നമുക്കെങ്ങനെ ധൈര്യമുണ്ടാകും. സ്വദേശത്തെത്തുന്നതുവരെ നിങ്ങള്‍ക്കു നമ്മോടൊന്നിച്ചു പോരാന്‍ സാധിക്കുമോ? അതാണ് നമുക്കറിയേണ്ടത്."
"ബോംബെ വരെ നിശ്ചയമായും ഞാന്‍ അവിടുത്തെ കൂടെ ഉണ്ടാവും. കപ്പലില്‍ കയറ്റിയേ ഞാന്‍ മടങ്ങിപ്പോരുന്നുള്ളു. അവിടെവച്ചു ഞാന്‍ കൂടി പോന്നേ മതിയാകയുള്ളു എന്ന് കല്പിക്കുന്നപക്ഷം അതിനും ഞാന്‍ ഒരുക്കം തന്നെ. സ്വരാജ്യത്ത് ഇറക്കിവിട്ടേക്കാം പോരെ?"
"വേറെയൊരു സംഗതിയിലും റമ്പാന്മാരെപ്പറ്റി നമുക്കു ഭയമുണ്ട്. പറയുമ്പോള്‍ എല്ലാം പറയണമല്ലോ. നമ്മുടെ കൈവശം പണമായി കുറെ വല്ലതുമുണ്ടെങ്കില്‍ അതു തട്ടിയെടുക്കാനായിട്ടും അവര്‍ വല്ലതും ചെയ്തേക്കാവുന്നതല്ലയോ? വൃദ്ധനായ നമ്മെക്കൊണ്ട് എന്തു കഴിയും."
"എല്ലാം മനസ്സിലായി. തിരുമനസ്സുകൊണ്ട് ഈ വകയിലൊന്നും ഭയപ്പെട്ടിട്ടാവശ്യമില്ല. എനിക്കായുസ്സുണ്ടെങ്കില്‍ - എന്നു മാത്രമേ ഞാനിപ്പോള്‍ ഉണര്‍ത്തിക്കുന്നുള്ളു. ശീമയില്‍ നിന്ന് ഇത്ര കഷ്ടപ്പെട്ട് ഇവിടെ വന്നിട്ട് ഉദ്ദേശിച്ച കാര്യം സാധിക്കാതെ പോയാല്‍ തിരുമനസ്സിലേക്കും മലങ്കരസഭയ്ക്കും അതൊരു വലിയ നഷ്ടത്തിനും വ്യസനത്തിനും കാരണമായിത്തീരും. അവിടുന്ന് ഒരിക്കലും വാഗ്ദാനം ലംഘിക്കരുത്. വളരെയധികം ജനങ്ങള്‍ വന്നുകൂടിയിരിക്കുന്നു. പള്ളിയിലേക്ക് എഴുന്നെള്ളാം."
"ഓഹോ! തയ്യാര്‍." 
അബ്ദേദ് മശിഹാ ബാവായുടെ മടക്കം
കാതോലിക്കാ സ്ഥാനാഭിഷേകവും ശാശ്വതമായി പൗരസ്ത്യ സിംഹാ സനം മലങ്കരയില്‍ ഉറപ്പിച്ചിരിക്കുന്നതായുള്ള രേഖയും നല്‍കിയശേഷം അബ്ദേദ് മശിഹാ പാത്രിയര്‍ക്കീസു ബാവാ സ്വദേശത്തേക്കായി മടങ്ങിയെഴുന്നള്ളി. പ്രതിജ്ഞയ്ക്കനുസരണമായി നാമും അദ്ദേഹത്തോടൊന്നിച്ചു യാത്ര പുറപ്പെട്ടു. യഥാശക്തി മലങ്കരസഭയ്ക്കു ഹൃദയപൂര്‍വ്വമായി ശാശ്വതനന്മയെ പ്രദാനം ചെയ്ത ആ വന്ദ്യ തിരുമേനിയുടെ ആപല്‍ശങ്കയെ, വാസ്തവമായും, ഗൗനിക്കേണ്ടതായ കടമ നമുക്കുണ്ടല്ലോ. തിരുമനസ്സിലെ കൈവശത്തില്‍ പലരില്‍ നിന്നുമായി ലഭിച്ച ഗണ്യമായ ഒരു തുകയുണ്ടെന്നു നമുക്കറിയാമായിരുന്നു. മൃഗീയരായ മനുഷ്യരില്‍നിന്ന് അതു മൂലമുണ്ടായേക്കാവുന്ന വിപത്തുകളെ നാം നോക്കിക്കണ്ടു. റമ്പാന്മാര്‍ക്കും അവര്‍ ആശിച്ചിരുന്നതില്‍ കൂടുതലായ ഒരു സംഖ്യ ലഭിച്ചിരുന്നു. ഇരുപക്ഷക്കാരേയും തമ്മില്‍ പിണക്കാതെ ബാവാതിരുമനസ്സിലെ ക്ഷേമത്തെ എങ്ങനെ സംരക്ഷിക്കാം എന്നാണു നാം ആലോചിച്ചുകൊണ്ടിരുന്നത്. എല്ലാവരും ബോംബെയില്‍ ചെന്നുചേര്‍ന്നു. അവിടെനിന്നങ്ങോട്ടുള്ള യാത്രച്ചെലവു സംബന്ധിച്ചു ബാവായും റമ്പാന്മാരും അവരവരുടെ തീരുമാനം ചെയ്തുവെന്ന് നമുക്കു മനസ്സിലായി. അതിനെ തുടര്‍ന്നു നാം ഒരു യുക്തി കണ്ടുപിടിച്ചു. ബാവാതിരുമേനിയെ വിശേഷപ്പെട്ട പി. ആന്‍ഡ് ഒ. മെയില്‍ കപ്പലിലും, റമ്പാന്മാരെ കൂലി കുറഞ്ഞ മറ്റേതെങ്കിലും കപ്പലിലും അയച്ചുകഴിഞ്ഞാല്‍ ഒന്നും ശങ്കിക്കാനില്ലെന്നു നിശ്ചയിച്ചുകൊണ്ട് നാം റമ്പാന്മാരോടായി ഇങ്ങനെ പറഞ്ഞു:
"ഇവിടെ നിന്നു പലതരം കപ്പലുകള്‍ പോകുന്നുണ്ട്. അതില്‍ വിശേഷപ്പെട്ടത് പി. ആന്‍ഡ് ഒ. കമ്പനിക്കാരുടെ മെയില്‍ക്കപ്പലാണ്. അതില്‍ സുഖം കൂടുമെങ്കിലും കൂലി വളരെയധികമായിരിക്കും. കുറഞ്ഞ നിരക്കിനു പോകുന്ന കപ്പലുകള്‍ വേറെ ഉണ്ട്. സ്വല്പദിവസം കൂടി താമസിച്ചേ ഇവ എത്തുകയുള്ളു എന്നല്ലാതെ, മറ്റൊരു ദോഷവും ഇവയ്ക്കു പറയുവാനില്ല. പി. ആന്‍ഡ് ഒ. യില്‍ പോകണമോ അതേ വേറേ വല്ലതിനും മതിയോ? ബാവാ പി. ആന്‍ഡ് ഒ. യില്‍ത്തന്നെ പൊയ്ക്കൊള്ളട്ടെ. നിങ്ങളെന്തു തീരുമാനിക്കുന്നു?"
"അതെ, ബാവാ പി. ആന്‍ഡ് ഒ. യില്‍ ആയിക്കൊള്ളട്ടെ. ഞങ്ങള്‍ക്കു കൂലി കുറഞ്ഞ വേറെ വല്ലതിലും മതി."
നമുക്കു വലിയ ഒരു ഭാരം നീങ്ങിക്കിട്ടിയതുപോലെ ആശ്വാസമായി. വിവരമൊക്കെ നാം ബാവായെ ഗ്രഹിപ്പിച്ചു.
"ഇനി ഞാന്‍ കൂടി കപ്പലില്‍ കയറണമോ?"
"വേണ്ട മകനേ! നാം സംതൃപ്തനായി."
ഇങ്ങനെ വെവ്വേറെ കപ്പലുകളിലായി ബാവായേയും റമ്പാന്മാരേയും നാം കയറ്റിയയച്ചു. 
ശീമയാത്രയും അനന്തരഫലങ്ങളും
കൊല്ലങ്ങള്‍ പിന്നെയും പലതു കഴിഞ്ഞുപോയി. വട്ടിപ്പണക്കേസില്‍ ജില്ലാക്കോടതിയിലെ വിധി മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്ക് അനുകകൂലമായിട്ടായിരുന്നുവല്ലോ. ഉടനെ എതിര്‍കക്ഷികള്‍ അപ്പീല്‍ ബോധിപ്പിച്ചു. ആ വിധി മെത്രാപ്പോലീത്തായ്ക്കു പ്രതികൂലമായി പരിണമിക്കുകയും ചെയ്തു. മലങ്കരസഭ രണ്ടായിപ്പൊളിയാന്‍ ഇടയാക്കിയേക്കാവുന്ന ഒരു അവസരമായിരുന്നു അത്. ഒരിക്കലും അതിനിടയാക്കുവാന്‍ പാടില്ലെന്നു മെത്രാപ്പോലീത്താ നിശ്ചയിച്ചു കഴിഞ്ഞു. അതിനാലായിരുന്നു അദ്ദേഹം മര്‍ദ്ദീനില്‍ പോയി പാത്രിയര്‍ക്കീസ് ബാവാ തിരുമേനിയെ അഭിമുഖമായി കാണണമെന്നു നിശ്ചയിച്ചത്. അന്ത്യോഖ്യാ ബന്ധത്തില്‍നിന്നു മലങ്കരസഭ വേര്‍പിരിയുമാറാവരുതെന്നുള്ള തിരുമനസ്സിലെ മോഹമാണ് അവിടുത്തെ ഈ യാത്രയ്ക്കു പ്രേരിപ്പിക്കുകയുണ്ടായതും. യാക്കോബായ സഭയ്ക്ക് ഇക്കാലത്തു ശരിയായ പാത്രിയര്‍ക്കീസുള്ളപക്ഷം അദ്ദേഹത്തെ അഭിമുഖം കണ്ടു മലങ്കരസഭയില്‍ സമാധാനം കൈവരുത്തണമെന്നു മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ട് തീരുമാനിച്ചു. സ്വന്തം മുടക്കു തീര്‍ക്കാനായിട്ടായിരുന്നു ആ യാത്ര എന്ന് ഒരിക്കലും പറയാവുന്നതല്ല. പാത്രിയര്‍ക്കീസിന്‍റെ അറിവോടുകൂടിയല്ലാതെ വാഴിക്കപ്പെട്ടിട്ടുള്ള സ്വകക്ഷിയിലെ മെത്രാന്മാരും, അവരുടെ അറിവും സമ്മതവും കൂടാതെ വാഴിക്കപ്പെട്ട പാത്രിയര്‍ക്കീസും തമ്മില്‍ അന്യോന്യം സ്വീകരിക്കുകയും സ്വീകരിക്കപ്പെടുകയും ചെയ്താല്‍ മലങ്കരസഭയില്‍ സമാധാനവും ഐശ്വര്യവും ഉണ്ടാകുമെന്നും; അതിനു ശീമയാത്ര സഹായിക്കുമെന്നുമായിരുന്നു തിരുമനസ്സിലെ ഉദ്ദേശ്യം. അങ്ങനെ ഒരു സ്ഥിതി ലഭിച്ചു കഴിഞ്ഞാല്‍ ഭരണമൊഴിഞ്ഞു വിശ്രമിക്കാമല്ലോ എന്ന് അദ്ദേഹം ആഗ്രഹിച്ചു. ഈ വക നിഷ്ക്കന്മഷമായ മനോഗതിയോടുകൂടി അദ്ദേഹം യാത്ര പുറപ്പെട്ടു എന്നു മാത്രമേ സംക്ഷിപ്തമായി ഇവിടെ പറയേണ്ടതുള്ളു.
പ്രസ്തുത യാത്രയില്‍ (98 മിഥുനത്തില്‍) തിരുമനസ്സിലേക്കു നേരിട്ട ദുര്‍ഘടങ്ങള്‍, കഷ്ടപ്പാടുകള്‍, വിഷാദം, ഭയം എന്നിവയെപ്പറ്റി നാം അറിഞ്ഞിടത്തോളമുള്ള വിവരങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നപക്ഷം അവയ്ക്കായി വളരെ പുറങ്ങള്‍ വിനിയോഗിക്കേണ്ടി വരും, എന്നിരുന്നാലും അവയ്ക്ക് സ്വാനുഭവങ്ങളിലുള്ള സ്ഥാനം സംശയഗ്രസ്തമാണെന്നുള്ളതുകൊണ്ടു നാം ഏതദ്വിഷയത്തിലേക്കു കടക്കുവാന്‍ തന്നെ വിചാരിക്കുന്നില്ല. 
തിരുമനസ്സുകൊണ്ടു മര്‍ദ്ദീനില്‍ നിന്നു മടങ്ങി (99 കന്നി) ഇന്ന ദിവസം ബോംബെയില്‍ കപ്പലിറങ്ങും എന്നു നമുക്കറിവു കിട്ടി. കാര്യങ്ങളെല്ലാം മുക്കാലെ അരയ്ക്കാലും സാധിച്ചുകൊണ്ടാണ് വരുന്നതെന്നും കൂടി അറിഞ്ഞപ്പോള്‍ നമുക്കു വളരെ സന്തോഷമായി. ബോംബെയില്‍ ചെന്നിട്ടു തന്നെ വേണം തിരുമേനിയേയും മറ്റും അഭിനന്ദിക്കാനും എതിരേല്‍ക്കുവാനും എന്നു നിശ്ചയിച്ചതനുസരിച്ച് ഫാദര്‍ മാത്യൂസ് പാറേട്ടും കൂടി നാം ബോംബെയില്‍ ചെന്നുചേര്‍ന്നു. മെത്രാപ്പോലീത്താ തിരുമേനിയേയും യൂലിയോസ് മെത്രാനേയും കൂടെയുള്ളവരെയും കണ്ടപ്പോള്‍ നമുക്കു തോന്നിയ സന്തോഷം അനിര്‍വചനീയമെന്നേ പറയാവൂ.
നമുക്കു പ്രധാനമായി കേള്‍ക്കേണ്ടിയിരുന്നത് കാനോന്‍ സംബന്ധിച്ചു ണ്ടായിട്ടുള്ള തര്‍ക്കങ്ങള്‍ക്കു വല്ല തീരുമാനവും ഉണ്ടായോ എന്നുള്ളതായി രുന്നു. ഇതിനെക്കുറിച്ചു നാം ചോദിച്ചപ്പോള്‍ വലിയ തിരുമേനി ഇങ്ങനെ യാണ് കല്‍പിച്ചത്: 
"ഇക്കാര്യം സര്‍വ്വപ്രധാനമായിത്തന്നെ നാം ഗണിച്ചിരുന്നു. ഏലിയാസ് പാത്രിയര്‍ക്കീസ് ബാവായോട് ഇതിനെപ്പറ്റി നാം സംസാരിക്കയുണ്ടായി. തൃപ്തികരമായവിധത്തിലൊന്നും അവിടുന്നു മറുപടി കല്‍പ്പിച്ചില്ല. 18 അക്കം കള്ളക്കാനോന്‍ ആണെന്നും, ശീമയില്‍ നടപ്പിലിരിക്കുന്ന എ അക്കം തന്നെയാണു മലങ്കരയിലും ഉറപ്പിക്കേണ്ടതെന്നും അപേക്ഷിച്ചതിന്, 'ആത്തൂന്‍യൊദ് ഈത്തൂന്‍' (നിങ്ങള്‍ക്കറിയാമല്ലോ) എന്നു മാത്രമായിരുന്നു മറുപടി."
മലങ്കരയില്‍ സമാധാനം പുനഃസ്ഥാപിക്കുന്ന വിവരത്തിനുള്ള കല്‍പന യൂലിയോസ് മെത്രാപ്പോലീത്താ വശം ഉണ്ടെന്ന് വലിയ തിരുമേനിയുടെ കൂടെയുള്ളവര്‍ നമ്മെ ഗ്രഹിപ്പിച്ചു. പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സിലെ പക്ഷം പിടിച്ച് ദേഹവും ധനവും തൃണവല്‍ഗണിച്ചു പ്രവര്‍ത്തിച്ച സമുദായ പ്രധാനന്മാര്‍ക്ക് അതൃപ്തിയുണ്ടാവാതിരിപ്പാനായി പ്രസ്തുത കല്‍പന പ്രത്യേകം ഒരാള്‍ വശം അയച്ചതു വളരെ ഉചിതവും ബുദ്ധിപൂര്‍വ്വവുമായി എന്നു നമുക്കു തോന്നി. വഴക്കും കുഴപ്പവും തീര്‍ത്തിട്ടും, പിന്നെയും അതു തീര്‍ന്നിട്ടില്ലെന്നവിധം അതു സംബന്ധമായി വീണ്ടും വഴക്കും കുഴപ്പവും തന്നെ ഉണ്ടാവുന്നത് ആശാസ്യമല്ലല്ലോ. ബോംബെയില്‍ നിന്നു മടങ്ങി ആര്‍ക്കോണം സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പ്രസ്തുത കല്‍പന മിക്കവരും കാണുകയുണ്ടായത്. ഒസ്താത്യോസ് ബാവാ ദീനം വന്ന് കിടപ്പിലായിരിക്കുന്നുവെന്നും, യൂലിയോസ് മെത്രാപ്പോലീത്താ ഉടനെ അത്രത്തോളം വരണമെന്ന് അദ്ദേഹം കല്‍പിച്ചിരിക്കുന്നുവെന്നും പറയാനായി കുന്നംകുളത്തുകാരന്‍ പി. റ്റി. തോമസ് അപ്പോള്‍ അവിടെ എത്തിയിട്ടുണ്ടായിരുന്നു. യൂലിയോസ് മെത്രാന്‍ തോമസുമായി പുറപ്പെടാന്‍ ഒരുങ്ങിയപ്പോഴായിരുന്നു പാത്രിയര്‍ക്കീസിന്‍റെ കല്‍പന ഒന്നു കണ്ടാല്‍ കൊള്ളാമെന്നു വലിയ തിരുമേനി ആവശ്യപ്പെടുകയുണ്ടായത്. ചോദിച്ചാല്‍ കാണിച്ചേക്കണമെന്നു പാത്രിയര്‍ക്കീസ് ബാവാ യൂലിയോസ് മെത്രാപ്പോലീത്തായെ ശട്ടം ചെയ്തിട്ടുണ്ടായിരുന്നുവത്രേ. ഒരു തടസ്സവും പറയാതെ യൂലിയോസ് മെത്രാപ്പോലീത്താ അതു പോക്കറ്റില്‍ നിന്നു പുറത്തേയ്ക്കെടുത്തു. ഇപ്പോള്‍ പഴയസെമിനാരിയിലെ മല്‍പാനായി താമസിക്കുന്ന ചെറിയമഠത്തില്‍ സ്കറിയാ കത്തനാര്‍ അതു കയ്യില്‍ വാങ്ങി നിവര്‍ത്തിപ്പിടിച്ചു. ഇരുവശങ്ങളിലായി വലിയ തിരുമേനിയും യൂലിയോസ് മെത്രാപ്പോലീത്തായും ഇരുന്നിരുന്നു. സ്കറിയാ കത്തനാര്‍ അതിലെ വാചകങ്ങള്‍ വലിയ തിരുമേനിക്കു കേള്‍ക്കത്തക്കവണ്ണം ഉച്ചത്തില്‍ വായിച്ചു. നാമും പാറേട്ടച്ചനും അപ്പോള്‍ അടുത്തുള്ള വരാന്തയില്‍ ഉണ്ടായിരുന്നു. അതിലെ വിവരം ഉടന്‍തന്നെ വലിയ തിരുമേനി ഞങ്ങളെ ഗ്രഹിപ്പിക്കയും ചെയ്തു. ചുരുങ്ങിയ വാചകത്തില്‍ കാര്യമെല്ലാം ഭംഗിയില്‍ ഒതുക്കി എഴുതപ്പെട്ട ഒരു കല്‍പനയായിരുന്നു അത്. 
നിശ്ചിതസമയത്ത് എല്ലാവരും കൂടി ആര്‍ക്കോണത്തു നിന്നു തീവണ്ടി കയറി ഷൊര്‍ണ്ണൂര്‍ എത്തിയപ്പോള്‍ ഒസ്താത്യോസ് ബാവാ എത്തിയിട്ടു ണ്ടായിരുന്നു. എല്ലാവരും കൂടി പിന്നെയും യാത്ര തുടര്‍ന്നു. തൃശ്ശിവപേരൂര്‍ എത്തി. അവിടെ ഇറങ്ങിയായിരുന്നു കുന്നംകുളത്തേക്കു പോകേണ്ടിയിരുന്നത്. പുലിക്കോട്ടില്‍ യൗസേഫ് റമ്പാന്‍ (അന്നു ശെമ്മാശന്‍) സാഘോഷമായ ഒരു എതിരേല്‍പിന് അവിടെ വട്ടംകൂട്ടിയിരുന്നു. യൂലിയോസ് മെത്രാന്‍റെ പ്രകൃതത്തെപ്പറ്റി അപ്പോള്‍ കുറേശ്ശെ സംശയം ജനിക്കാന്‍ തുടങ്ങിയതിനാല്‍ തൃശ്ശിവപേരൂര്‍ ഇറങ്ങാതെ എല്ലാവരും എറണാകുളത്തു വന്നുചേര്‍ന്നു. ഇരുകക്ഷിയും ഉള്‍പ്പെട്ട അനേകംപേര്‍ അവിടെ അപ്പോള്‍ സന്നിഹിതരായിരുന്നു. ഒസ്താത്യോസ് ബാവായുടെ ചരടുപിടുത്തമനുസരിച്ച് യൂലിയോസ് മെത്രാന്‍ കരിങ്ങാച്ചിറപ്പള്ളിയിലേക്കു പോകാനാണ് പുറപ്പാടെന്നറിഞ്ഞപ്പോള്‍ മുടക്കുതീര്‍ത്ത കാര്യത്തെപ്പറ്റി തങ്ങള്‍ക്കു പരസ്യമായിട്ടൊന്നു പറഞ്ഞുകേള്‍ക്കണമെന്ന് ജനങ്ങള്‍ യൂലിയോസ് മെത്രാനെ ഹേമിക്കാന്‍ തുടങ്ങി. അപ്പോള്‍ യൂലിയോസ് മെത്രാന്‍ എണീറ്റുനിന്ന്, മുടക്കു തീര്‍ത്ത കല്‍പന കൈവശമുണ്ടെന്നും 10 ദിവസത്തിനകം അതു വായിക്കപ്പെടുമെന്നും പ്രസ്താവിച്ചു. തേനുങ്കല്‍ ഗീവര്‍ഗ്ഗീസ് കത്തനാരായിരുന്നു യൂലിയോസ് മെത്രാന്‍റെ പ്രസ്താവനയെ പരിഭാഷ ചെയ്തു ജനങ്ങളെ കേള്‍പ്പിച്ചത്. 
ആ കല്‍പന എന്തുകൊണ്ട് ഇതുവരെ പ്രത്യക്ഷപ്പെട്ടില്ല? അതിപ്പോള്‍ എവിടെയായിരിക്കാം? 
യൂലിയോസ് മെത്രാന്‍ കോട്ടയത്തെത്തിയപ്പോഴേയ്ക്കും ഇപ്പറഞ്ഞവയെല്ലാം വെറും കെട്ടുകഥകള്‍ എന്ന് ഏതാനുംപേര്‍ ചെണ്ടകൊട്ടാന്‍ തുടങ്ങി. രാവും പകലും തമ്മിലെന്നതുപോലെ സംഗതികള്‍ക്കാകപ്പാടെ ഒരു വ്യത്യാസം കാണപ്പെട്ടു. വലിയ തിരുമേനിയും യൂലിയോസ് മെത്രാനും തമ്മില്‍ ഒരുമിച്ചിരുന്നു ഭക്ഷിച്ചിട്ടില്ല; പ്രാര്‍ത്ഥിച്ചിട്ടില്ല; ഇരുന്നിട്ടില്ല; നിന്നിട്ടില്ല; എന്നൊരുവക ശബ്ദഘോഷമിങ്ങനെ; മുടക്കുതീര്‍ത്തിട്ടില്ല; കല്‍പനയില്ല; പട്ടംകൊടയില്‍ സംബന്ധിച്ചിട്ടില്ല - എന്നൊരുവക വേറെ! വ്യവസ്ഥയുണ്ട്; കരാറുണ്ട്; ഉടമ്പടിയുണ്ട് - എന്നിങ്ങനെ മറ്റൊരുവക! ഓടിച്ചു; ചാടിച്ചു; പേടിച്ചു - എന്നിങ്ങനെ വേറെയൊരു വക. 
വായനക്കാര്‍ ക്ഷമാപൂര്‍വ്വം ചിന്തിച്ചാലും! ഇവയുടെയൊക്കെ അര്‍ത്ഥമെന്ത്? കാരണമെന്ത്?
'ഉം' എന്നു മൂളിയിരുന്നെങ്കില്‍!
പ്രഥമശ്രവണത്തില്‍ നമ്മുടെ ചങ്കുറപ്പില്ലായ്മയെക്കുറിച്ച് സാമാന്യജനങ്ങള്‍ നമ്മെ കുറ്റപ്പെടുത്തിയേക്കാവുന്ന ഒന്നു രണ്ടു സംഭവങ്ങള്‍ ഇവിടെ ചേര്‍ക്കുന്നത് അസംഗതമായിരിക്കാന്‍ ഇടയുള്ളതല്ല. തദവസരങ്ങളില്‍ ആശ്രിതന്മാരായി നിന്നവരോട് 'ഉം' എന്നൊന്നു മൂളിയാല്‍ ലഭിക്കാമായിരുന്ന തല്‍ക്കാല വിജയങ്ങളെ നഷ്ടപ്പെടുത്തിക്കളഞ്ഞതിനു നാമല്ലാ സര്‍വ്വാന്തര്യാമിയായ ദൈവമാണ് ഉത്തരവാദി എന്നു മാത്രമേ നമുക്കിവിടെ സമാധാനം പറയാനുള്ളു. 
മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായെ സംബന്ധിച്ചുള്ള മുടക്കു കല്‍പന പഴയസെമിനാരി ചാപ്പലില്‍ വായിപ്പാന്‍ തീര്‍ച്ചപ്പെടുത്തിയ ആ 1086 ഇടവം 29 ഒരു ഞായറാഴ്ച നടന്ന സംഭവം തന്നെയായിരിക്കട്ടെ ഒന്നാമത്തേത്. മുടക്കു കല്‍പന വായിക്കുമെന്നും വായിപ്പിക്കില്ലെന്നും വിവാദിച്ചിരുന്ന അസംഖ്യം ജനങ്ങളാല്‍ ചാപ്പല്‍ നിബിഡീകൃതമായിക്കഴിഞ്ഞു. എന്താണുണ്ടായേക്കുക എന്നു സാമാന്യജനങ്ങള്‍ അമ്പരന്നു നില്‍ക്കുന്നു. കല്‍പന വായിച്ചാല്‍ അടിപിടിയും ലഹളയും നിശ്ചയം; അവിടെ ആലോചന ഇവിടെ മന്ത്രം; മറ്റൊരിടത്ത് വാഗ്വാദം; വേറൊരിടത്ത് അസഭ്യഭാഷണം; ആകപ്പാടെ ശബ്ദകോലാഹലം തന്നെ. ഇതിനിടയില്‍ ജനങ്ങളെ ഇരുവശത്തേക്കും അകത്തിനിര്‍ത്തികൊണ്ടു പരിഭ്രമാകുലനായിത്തീര്‍ന്ന പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സുകൊണ്ടു സ്വപക്ഷത്തുള്ള മേല്‍പട്ടക്കാരോടും പട്ടക്കാരോടും കൂടി പള്ളിയില്‍ കയറി മദ്ബഹായില്‍ പ്രവേശിച്ചു. അനുക്ഷണം വി. കുര്‍ബാനയും തുടങ്ങി. ഏതാണ്ടീനേരത്തോടടുപ്പിച്ചാണല്ലോ നാം എം.ഡി. സെമിനാരിയില്‍ നിന്നു പഴയസെമിനാരി ചാപ്പലില്‍ വന്നുചേരുകയുണ്ടായത്. നാം ഉള്‍പ്പെടെ ചിലര്‍ മദ്ബഹായിലും, മറ്റുള്ളവര്‍ പള്ളിയിലും പ്രവേശിച്ചു നിലയായി. ബസ്മല്‍ക്ക കഴിഞ്ഞുള്ള സംഭവത്തെ പ്രതീക്ഷിച്ച് എല്ലാവരും വിചാര നിമഗ്നരായി നില്‍ക്കുന്നു. വിശുദ്ധ കുര്‍ബാന ഒരു വഴിയെ. വിചാരം മറ്റൊരു വഴിയെ. നമ്മുടെ ശിഷ്യനായ ഒരു ശെമ്മാശ്ശന്‍ ധൃതഗതിയില്‍ മദ്ബഹായില്‍ കയറിവന്ന് നമ്മെ പുറത്ത് വടക്കേ വരാന്തയിലേക്കു വിളിച്ചുകൊണ്ടുപോയി നമ്മോട് ഈവിധം ചെവിയില്‍ മന്ത്രിച്ചു:
"പള്ളിയിലേക്കു പോന്ന ധൃതിയില്‍ ബാവായുടെ മുറിപൂട്ടുവാന്‍ അവര്‍ ക്കിടയായിട്ടില്ല. പണപ്പെട്ടിയും മറ്റു സര്‍വ്വസാധനങ്ങളും അവിടെ ഇരിക്കുന്നു. എല്ലാവരും പള്ളിയിലാണ്. ഞാനതെല്ലാം എടുത്തു മാറ്റിക്കൊള്ളെട്ടയോ? ഒരൊറ്റ നിമിഷത്തിനകം സാധിപ്പിച്ചേക്കാം."
"വേണ്ട."
"എന്നാല്‍ ഞാനവ ഇപ്പോളെടുത്ത് ആറ്റിലെറിയും."
"പാടില്ല. അനാവശ്യമായി ഒന്നും ചെയ്യുവാന്‍ അനുവാദമില്ല." 
നമ്മുടെ ഒരു ശിഷ്യനും പ്രസംഗകനെന്ന നിലയില്‍ പലര്‍ക്കും സുപരിചിതനായി ഇപ്പോള്‍ കത്തനാരായി അറിയപ്പെടുന്ന അയാളുടെ പേര്‍ നാം ഇവിടെ വിശദപ്പെടുത്തുന്നില്ല. 
മറ്റൊരു സംഭവം ആര്‍ക്കോണം സ്റ്റേഷനില്‍ വച്ചു നടന്നതത്രെ. മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ടും മാര്‍ യൂലിയോസ് മെത്രാനും നാമും കൂടെയുള്ള പട്ടക്കാരും മറ്റും ബോംബെയില്‍ നിന്നു പുറപ്പെട്ട് ആര്‍ക്കോണം റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരിക്കുന്നു. മെത്രാപ്പോലീത്തായുടെ ആവശ്യപ്രകാരം മാര്‍ യൂലിയോസ് മെത്രാന്‍ പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സുകൊണ്ട് തന്നെ ഏല്‍പിച്ച മുടക്കുതീര്‍ത്ത കല്പന പരസ്യമായി നിവര്‍ത്തിപ്പിടിച്ചു വായിച്ചതിന്‍റെ ശേഷം ളോഹയുടെ കീശയില്‍ തിരുകി. സ്വല്പനേരത്തിനകം കുളിക്കാനായി അദ്ദേഹം കുളിമുറിയില്‍ പ്രവേശിച്ചു. അപ്പോള്‍ എത്തിയിരിക്കുന്നു നമ്മുടെ വേലക്കാരനായിരുന്ന കുന്നംകുളത്തുകാരന്‍ വാറു അടിയന്തരമായ ഒരു സ്വകാര്യവും കൊണ്ട്. 
"എന്തെടാ?"
"യൂലിയോസ് മെത്രാച്ചന്‍ കുളിക്കാന്‍ പോയപ്പോള്‍ അദ്ദേഹം ആ കുപ്പായമൊക്കെ അടുത്ത മുറിയില്‍ അഴിച്ചിട്ടിരിക്കുന്നു. ആ കല്പന അതിന്‍റെ പോക്കറ്റില്‍ ഉണ്ട്. ഞാന്‍ ആ കല്പന കയ്യിലാക്കട്ടെയോ?"
"അനാവശ്യം ചെയ്യരുത്!"
മുന്നുദ്ധരിച്ച രണ്ടവസരങ്ങളിലും നാമൊന്ന് അനുകൂലിച്ചിരുന്നുവെങ്കില്‍ മലങ്കരസഭയിലെ വിപ്ലവത്തിന്‍റെ കൈവഴികള്‍ വേറെ ചിലതൊക്കെയായി പരിണമിച്ചേക്കാമെന്നല്ലാതെ, അവ കൊണ്ടു സ്ഥായിയായ ഗുണം ലഭിക്കുമായിരുന്നുവെന്നു വിചാരിക്കുന്നവരാരും വായനക്കാരുടെ കൂട്ടത്തില്‍ ഉണ്ടാകയില്ലെന്നു നാം വിശ്വസിക്കുന്നു.

No comments:

Post a Comment